കൊട്ടിയൂര്‍ സംഘര്‍ഷം: അക്രമികളെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജിത ശ്രമം

Posted on: November 18, 2013 8:24 am | Last updated: November 18, 2013 at 8:24 am

കണ്ണൂര്‍: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കൊട്ടിയൂരിലുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികളുടെ ഗൂഢാലോചനയുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ അക്രമികളെ തിരിച്ചറിയാനുള്ള പോലീസ് നടപടി തുടങ്ങി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടങ്ങിയിട്ടുള്ളത്. കണ്ണൂരിലെ ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തി.
അക്രമികളെ കുറിച്ച് വ്യക്തമായി തെളിവുകള്‍ ലഭിച്ചാല്‍ ഇവരെ കസ്റ്റഡിയിലെടുക്കണ മെന്ന നിര്‍ദേശമാണ് ഉള്ളതെന്നറിയുന്നു. ക്വാറികളുമായി ബന്ധപ്പെട്ട ചിലര്‍ ടിപ്പര്‍ ലോറികളില്‍ ആളുകളെ എത്തിച്ചതായാണു പോലീസിന് ലഭിച്ച സൂചന. കൊട്ടിയൂര്‍ സംരക്ഷണ സമിതിയുടെ സമരവുമായി ബന്ധമില്ലാത്ത അപരിചിതരായ ചിലരാണ് അക്രമം അഴിച്ചു വിട്ടതെന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്. മാത്രമല്ല, അക്രമം തുടങ്ങുന്നതിനു തൊട്ടു മുന്‍പായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
സമീപ ഗ്രാമങ്ങളിലെ ചെങ്കല്‍പ്പണകളിലെയും ക്വാറികളിലെയും കുറെ തൊഴിലാളികളെ വാഹനങ്ങളില്‍ സ്ഥലത്തെത്തിച്ചതായും അവര്‍ ആസൂത്രിതമായ അക്രമം അഴിച്ചു വിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. സമരം ദുരുപയോഗം ചെയ്യാന്‍ ശ്രമം നടന്നതായി കൊട്ടിയൂര്‍ സംരക്ഷണ സമിതിയും സംശയിക്കുന്നുണ്ട്. കൊട്ടിയൂര്‍ സംരക്ഷണ സമിതി ഇതുവരെ നടത്തിയ സമരങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനാണ് ആലോചന.
പേരാവൂര്‍ സി ഐ. കെ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവില്‍ ലഭിച്ച പരാതികളില്‍ ഇതിനകം പോലീസ് കേസെടുത്തു തുടങ്ങിയിട്ടുണ്ട്. സ്വന്തം നിലക്ക് പൊലീസ് കേസെടുക്കില്ലെന്നു കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവ ദിവസം സമരക്കാര്‍ക്കു രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പരുക്കേറ്റ ഉദ്യോഗസ്ഥരുടെയും കത്തിനശിച്ച വാഹനങ്ങളുടെ ചുമതലക്കാരുടെയും പരാതികളിലാണു കേസെടുത്തിട്ടുള്ളത്. പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്തതിലൂടെ പോലീസിനുമാത്രം ഒന്നരക്കോടിയുടെ നഷ്ടം സംഭവിച്ചു. ആറ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ഒമ്പത് കേസുകളാണ് അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.
മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസുകാരെ അക്രമിച്ചതിന് മാത്രം ഇപ്പോള്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീപ്പും വാനുമായി പോലീസിന്റെ ഏഴ് വാഹനങ്ങള്‍ കത്തിച്ചിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 1500പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സര്‍വേ നടത്താനെത്തിയ വനപാലക സംഘത്തെ ബന്ദിയാക്കി വാഹനം കത്തിച്ചതിനും വനപാലകരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതിനും 200പേര്‍ക്കെതിരെ കേസെടുത്തു. പേരാവൂര്‍ സി ഐ യുടെ വാഹനം തകര്‍ത്തതിനും സി ഐയെ ആക്രമിച്ചതിനും 50പേര്‍ക്കതിരെയും കേസെടുത്തു. ഇരിട്ടി ഡി വൈ എസ് പിയെയും എസ് ഐമാരെയും ആക്രമിച്ചു പരുക്കേല്‍പ്പിച്ചതിന് വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 200പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മട്ടന്നൂര്‍ സി ഐയെ ആക്രമിച്ചതിനും ഏഴ് വാഹനങ്ങള്‍ കത്തിച്ചതിനും കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കെ എസ് ആര്‍ ടി സി ബസ് തകര്‍ത്തതിനും ഒരുകൂട്ടം ആളുകളുടെ പേരില്‍ കേസുണ്ട്. വനംവകുപ്പിന്റെ ഓഫീസ് തകര്‍ത്തിന് കണ്ടാലറിയുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരെയും പാല്‍ച്ചുരത്തിനടുത്ത് പോലീസുകാരനെ ആക്രമിച്ച് ബൈക്ക് കത്തിച്ചതിന് 15 പേര്‍ക്കതിരെയും കേസെടുത്തു.