‘ഷീ ടാക്‌സി’ 19ന് നിരത്തിലിറങ്ങും

Posted on: November 18, 2013 8:02 am | Last updated: November 18, 2013 at 8:02 am

SheTaxi-തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന ‘ഷീ ടാക്‌സി’ 19ന് വൈകിട്ട് 4.30ന് കനകക്കുന്നില്‍ സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീറും നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. സാമൂഹിക നീതി വകുപ്പിനുകീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യരെ പ്രഖ്യാപിക്കും.
കെ മുരളീധരന്‍ എം എല്‍ എ കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഗുണഭോക്താക്കള്‍ക്കുള്ള വാഹനങ്ങളുടെ താക്കോലുകള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിതരണം ചെയ്യും. ഷീ ടാക്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ് പുറത്തിറക്കും. മേയര്‍ അഡ്വ. കെ ചന്ദ്രിക, സുഗതകുമാരി, സബ്രിയ ടെന്‍ബെര്‍ക്കന്‍, ഡോ. സിന്ധുജ വര്‍മ, അമിത് പാസ്സി എന്നിവര്‍ പങ്കെടുക്കും. ഷീ ടാക്‌സി പദ്ധതിയില്‍ സഹകരിക്കുന്ന മാരുതി സുസുക്കി ലിമിറ്റഡാണ് കാറുകള്‍ നല്‍കുന്നതും വനിതാ െ്രെഡവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും. സംസ്ഥാന വനിത വികസന കോര്‍പ്പറേഷനാണ് സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കി പദ്ധതിയുമായി സഹകരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ റെയ്ന്‍ കണ്‍സേര്‍ട്ട് ടെക്‌നോളജീസാണ് സാങ്കേതിക സഹായം നല്‍കുന്നത്.