Connect with us

Kerala

ചേലേമ്പ്രയില്‍ വിഘടിത ആക്രമണം: മൂന്ന് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Published

|

Last Updated

ചേലേമ്പ്ര: ചേലേമ്പ്രക്കടുത്ത പൊയില്‍ത്തൊടിയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ വിഘടിതര്‍ നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സുന്നി പ്രവര്‍ത്തകരായ കറുത്തേടത്ത് മലിക്ക് (33), പൊയില്‍ത്തൊടി ജാബിര്‍ (21), പൊയില്‍ത്തൊടി ജുനൈസ് (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരൂരങ്ങാടി ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

സുന്നി സ്ഥാപനമായ പൊയില്‍ത്തൊടിയിലെ സബീലുല്‍ ഹുദാ ഇസ്ലാമിക് സെന്ററില്‍ മാസാന്ത ദിക്ര്‍ ഹല്‍ഖ നടക്കുന്നതിനിടെയാണ് സംഘടിച്ചെത്തിയ വിഘടിതര്‍ ആക്രമണം അഴിച്ചുവിട്ടത്. ദിഖ്ര്‍ ഹല്‍ഖയില്‍ പങ്കെടുക്കുകയായിരുന്ന സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ വിഘടിത ഗുണ്ടകള്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ആണി തറിച്ച പട്ടിക ഉപയോഗിച്ച് പ്രവര്‍ത്തകരെ തല്ലിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.

പൊയില്‍ത്തൊടിയില്‍ ഇരു വിഭാഗവും സംയുക്തമായി നടത്തുന്ന നിസ്‌ക്കാരപ്പള്ളി കഴിഞ്ഞ ദിവസം ഇകെ വിഭാഗം സ്വന്തം നിലക്ക് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും റോഡിലേക്ക് ഇറക്കിക്കെട്ടി ബില്‍ഡിംഗ് നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ വിടണമെന്ന നിയമം ലംഘിക്കുകയും റോഡില്‍പ്പെട്ട സ്ഥലംകൂടി ചേര്‍ത്ത് പള്ളി പുനര്‍ നിര്‍മിക്കുകയും ചെയ്യുന്നതിനെ സുന്നി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പഞ്ചായത്തില്‍ പരാതി നല്‍കിയതനുസരിച്ച് പഞ്ചായത്ത് അധികൃതര്‍ സ്ഥലം പരിശോധിച്ച് കെട്ടിടനിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തി സ്‌റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് ഇന്നും പള്ളി പുനര്‍നിര്‍മാണം നടന്നു. സ്‌റ്റോപ്പ് മെമ്മോ ഉള്ള കാര്യം ചൂണ്ടിക്കാണിച്ച് സുന്നി പ്രവര്‍ത്തകര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് രാത്രിയോടെ സുന്നികള്‍ക്ക് നേരെ ആസൂത്രിത ആക്രമണം അഴിച്ചുവിട്ടത്.