നിര്‍മാണം പുരോഗമിക്കെ കെട്ടിടത്തിനു തീപിടിച്ചു; ഒരു മരണം

Posted on: November 17, 2013 8:40 pm | Last updated: November 17, 2013 at 9:01 pm

ദുബൈ: സ്‌പോര്‍ട്‌സ് സിറ്റിക്കു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനു തീപിടിച്ച് ഒരാള്‍ മരിച്ചു.
കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മരണം. ഇന്നലെ ഉച്ച കഴിഞ്ഞ് 3.15നാണ് തീപിടുത്തം.
തീപിടുത്ത സമയത്ത് നിരവധി തൊഴിലാളികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്നും അവരെ രക്ഷപ്പെടുത്തിയെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം ചിലര്‍ക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനുമിടയിലാണ് കെട്ടിടം. 20-ാം നിലയിലും 30-ാം നിലയിലും തീപടരുന്നത് കണ്ട് തൊഴിലാളികള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. ഒരാള്‍ മുകള്‍ നിലയില്‍ നിന്ന് കയറില്‍ തൂങ്ങിയാണ് നിലത്ത് വീണത്. സിവില്‍ ഡിഫന്‍സ് എത്തിയാണ് മറ്റു ചിലരെ രക്ഷപ്പെടുത്തിയത്. 300 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.