നാവിക സേനയെ ‘നയിക്കാന്‍’ ഇനി ഐ എന്‍ എസ് വിക്രമാദിത്യ

Posted on: November 17, 2013 2:10 am | Last updated: November 17, 2013 at 2:10 am

Vikramaditya_1655072fന്യൂഡല്‍ഹി: ഐ എന്‍ എസ് വിക്രമാദിത്യ പടക്കപ്പല്‍ ഒടുവില്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. വടക്കന്‍ റഷ്യയിലെ സെഫറോദ്ഫിങ്ക്‌സ്‌കിലെ സെഫ്‌മേഷ് ഷിപ്പ്‌യാര്‍ഡില്‍ നടന്ന വര്‍ണശബളമായ ചടങ്ങിലാണ് പടക്കപ്പല്‍ ഔപചാരികമായി സേനയുടെ ഭാഗമായത്.
പ്രതിരോധ മന്ത്രി എ കെ ആന്റണി, റഷ്യന്‍ ഉപ പ്രധാനമന്ത്രി ദിമിത്രി റൊഗോസിന്‍ ഇരു രാഷ്ട്രങ്ങളിലെയും നാവിക സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സേനയുടെ കരുത്ത് വര്‍ധിക്കുന്നതോടൊപ്പം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹാര്‍ദം ദൃഢപ്പെടുത്തുന്നത് കൂടിയാണ് ഇത്. 50 വര്‍ഷമായി നാവിക സേനക്ക് മുതല്‍ക്കൂട്ടായ ബ്രിട്ടീഷ് നിര്‍മിത പടക്കപ്പല്‍ ഐ എന്‍ എസ് വിരാടിന് പകരമാണ് ഇത് ഉപയോഗിക്കുക. മിഗ്-29 കെ യുദ്ധവിമാനങ്ങള്‍, കാമോവ്- 31 ഹെലികോപ്ടറുകള്‍ മുതലായവയാണ് വിക്രമാദിത്യയില്‍ പ്രധാനമായും ഉണ്ടാകുക. കൂടാതെ, സീ ഹാരിയര്‍ ജെറ്റ്, ചേതക് ഹെലികോപ്ടറുകള്‍, ചെറു കോപ്ടറുകള്‍ മുതലായവയും ഉണ്ടാകും. കര്‍ണാടകയിലെ കര്‍വാര്‍ തുറമുഖത്താണ് വിക്രമാദിത്യ നങ്കൂരമിടുക. രണ്ട് മാസത്തെ യാത്രക്കു ശേഷമാണ് ഇന്ത്യയിലെത്തുക. 2008ല്‍ കമ്മീഷന്‍ ചെയ്യാന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.
ഇന്ത്യ- റഷ്യ പങ്കാളിത്തത്തിന്റെ ഉയര്‍ന്ന വിതാനത്തെയാണ് ഇത് കാണിക്കുന്നതെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ആഗോള സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള ഘടകമെന്ന നിലക്ക് പരസ്പരം നിലകൊള്ളുന്നതിന് ഇന്ത്യ- റഷ്യ ബന്ധത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുകയാണ്. അത്യാധുനിക യുദ്ധവിമാനങ്ങളും കോപ്ടറുകളും അടങ്ങുന്ന വിക്രമാദിത്യ നാവികസേനയുടെ ശേഷിക്ക് പുതിയ മുഖം നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.