മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഭരണഘടനാവിരുദ്ധം: കരുണ ശുക്ല

Posted on: November 17, 2013 2:07 am | Last updated: November 17, 2013 at 2:07 am

ചമ്പ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന് വാജ്‌പേയിയുടെ അനന്തരവളും ബി ജെ പിയുടെ മഹിളാമോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷയുമായ കരുണ ശുക്ല. ഈ തീരുമാനം നമ്മുടെ ഭരണഘടനക്ക് വിരുദ്ധമാണ്. എം പിമാരോ എം എല്‍ എമാരോ ചേര്‍ന്നാണ് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കുക. ഇപ്പോള്‍ ചെയ്ത നടപടി ശരിയല്ലെന്നും അവര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആക്രമണാസക്തമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മോഡിക്ക് ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഒരു സ്വാധീനവും സൃഷ്ടിക്കാന്‍ കഴിയില്ല. ഓരോ സംസ്ഥാനത്തിനും അതിന്റെതായ നേട്ടങ്ങളും പ്രശ്‌നങ്ങളും ഉണ്ട്. ദേശീയ പ്രശ്‌നങ്ങളും സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളും വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തും പാര്‍ട്ടികളെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയും. തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും മോഡിക്ക് ഉണ്ടാകില്ലെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു. ജംഗീര്‍- ചമ്പയില്‍ നിന്നുള്ള മുന്‍ എം പി കൂടിയായ അവര്‍, ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബി ജെ പി വിട്ടത്.
മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം. അതു തന്നെയാണ് ജീവിത ശൈലിയും. സ്വയം നന്നായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി ജെ പിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തയാണ്. ഇതിനാലാണ് പാര്‍ട്ടി വിട്ട് പുറത്തുപോന്നത്. ബി ജെ പിക്ക് തന്നെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. പാര്‍ട്ടി വിടാനുള്ള തീരുമാനം ശരിയായിരുന്നു. ബി ജെ പിക്കെതിരെ പ്രചാരണ പ്രവര്‍ത്തനത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി പാര്‍ട്ടികള്‍ തന്നെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു. ആര്‍ക്കെതിരെയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാതിരിക്കാനാണ് തന്റെ തീരുമാനമെന്നും കരുണ ശുക്ല വ്യക്തമാക്കി.