കലക്കും ബന്ധങ്ങള്‍ക്കും അതിര്‍ത്തിയില്ല

Posted on: November 17, 2013 12:34 am | Last updated: November 17, 2013 at 12:34 am

ഷാര്‍ജ: തന്റെ സിനിമാ സങ്കല്‍പ്പത്തിന് അതിര്‍ത്തിയില്ലെന്നു കമല്‍ഹാസന്‍ പറഞ്ഞു. കലക്കും ബന്ധങ്ങള്‍ക്കും അതിര്‍ത്തി നിശ്ചയിക്കുന്നത് ശരിയല്ല. എല്ലാ അതിര്‍ത്തികളും രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും പാസ്‌പോര്‍ട്ട് ചോദിക്കുമ്പോഴാണു താന്‍ ഏതൊക്കെയോ അതിര്‍ത്തിക്കുള്ളിലാണെന്നു മനസ്സിലാകുന്നത്. കമലഹാസന്‍ പറഞ്ഞു. ഷാര്‍ജ പുസ്തകമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയ തനിക്കു പുസ്തകങ്ങളാണു പിന്നീട് ഗുരുനാഥന്മാരായത്. ചലച്ചിത്ര ലോകത്ത് എത്തിയശേഷം സംവിധായകരും സഹപ്രവര്‍ത്തകരുമെല്ലാം ഓരോ പാഠങ്ങള്‍ പറഞ്ഞുതന്നു. ഓരോ വേഷവും ഓരോ പാഠമായിരുന്നു. പഠിക്കുന്നതിനു പണം കിട്ടുന്നതായിട്ടാണ് അപ്പോഴൊക്കെ തോന്നിയത്. ഈ പാഠങ്ങളില്‍ നിന്നാണ് ഓരോ തിരക്കഥയും എഴുതുന്നത്.
തിരക്കഥയ്ക്കു സാഹിത്യഅക്കാദമി അവാര്‍ഡ് നല്‍കുന്ന കാലം താന്‍ സ്വപ്‌നം കാണുന്നു. പുസ്തകങ്ങള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നു. വിശ്വരൂപത്തിന്റെ പേരിലുണ്ടായ കോലാഹലങ്ങള്‍ ബാധിച്ചിട്ടില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം സുഹൃത്തുകള്‍ നേരിട്ടെത്തി അഭിനന്ദിച്ചു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പൂര്‍ത്തിയായി.
മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള അലോചനകളും നടക്കുന്നു. ഇന്ത്യയില്‍ മലയാളത്തിലും ബംഗാളിലുമാണു മികച്ച ചിത്രങ്ങളുണ്ടാകുന്നത്. ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. വിശ്വരൂപത്തിന്റെ തിരക്കഥയുടെ മലയാള വിവര്‍ത്തനം കവി കെ. സച്ചിദാനന്ദന്‍ വൈസ് കോണ്‍സല്‍ അശോക് ബാബുവിനു നല്‍കി പ്രകാശനം ചെയ്തു. പുസ്തകമേളയുടെ ഡയറക്ടര്‍ അഹമ്മദ് അല്‍ ഹംറി, നടന്‍ ഫാറൂഖ് ഷെയ്ഖ്, ഹമീദ് സലാഹുദ്ദീന്‍ തുടങ്ങിയവരും പങ്കെടുത്തു.