കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം

Posted on: November 16, 2013 7:12 am | Last updated: November 16, 2013 at 9:14 am

kalpathiപാലക്കാട്: ഭക്തര്‍ക്ക് പുണ്യസുകൃതമേകാന്‍ കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം. വിശാലാക്ഷിസമേതനായ വിശ്വനാഥസ്വാമിയും മക്കളായ ഗണപതിയും വളളിദൈവാനസമേത സുബ്രഹ്്മണ്യസ്വാമിയും ലക്ഷ്മി നാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥങ്ങളുമാണ് ഇന്ന് വൈകീട്ട് കുണ്ടമ്പലത്തിനു മുന്നില്‍ സംഗമിക്കുക.
പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥാരോഹണം ഇന്നലെ നടന്നു. രാവിലെ വേദപാരായണ സമാപനത്തിനുശേഷം രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു രഥാരോഹണം. വൈകുന്നേരം നാലിന് തായമ്പകയ്ക്കുശേഷം രഥപ്രയാണം തുടങ്ങി.
പഴയ കല്‍പ്പാത്തി ലക്ഷ്മിപെരുമാള്‍ ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പതിനൊന്നരക്ക് കളഭാഭിഷേകം നടന്നു. വൈകുന്നേരം ആറിന് സംഗീതകച്ചേരി, രാത്രി പത്തിന് എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ ഇന്നു രാവിലെയാണ് രഥാരോഹണം.
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ ഇന്നലെ രാത്രി എട്ടരയ്ക്ക് കുതിരവാഹനം എഴുന്നള്ളത്ത് നടന്നു. ഇന്നു രാവിലെ ഒമ്പതിന് വേദപാരായണ സമാപനത്തിനുശേഷം പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കാണ് രഥാരോഹണം.
രഥോത്സവത്തിന്റെ ഭാഗമായി പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പത്തരമുതല്‍ ഉത്സവസദ്യയൊരുക്കി.
വിഭവസമൃദ്ധമായ സദ്യ മന്തക്കര കല്യാണമണ്ഡപത്തിലാണ് ഒരുക്കിയത്. ഒരാണ്ടിന്റെ കാത്തിരിപ്പിനുശേഷം വന്നുചേര്‍ന്ന പുണ്യമുഹൂര്‍ത്തത്തെ ഭക്തിയുടെ ആരതികളുഴിഞ്ഞാണ് ഗ്രാമവാസികള്‍ വരവേറ്റിരിക്കുന്നത്. വിദേശികളടക്കം നിരവധി പേരാണ് കല്പാത്തിയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.