ഹാജിമാരുടെ മടക്കം പൂര്‍ത്തിയായി

Posted on: November 16, 2013 12:03 am | Last updated: November 16, 2013 at 12:03 am

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് നിര്‍വഹിച്ച ഹാജിമാരുടെ മടക്കം പൂര്‍ത്തിയായി. ഇന്നലെ 123 പുരുഷന്മാരും 157 സ്ത്രീകളും ഉള്‍െപ്പടെ 280 പേരടങ്ങിയ അവസാന സംഘം കാലത്ത് 7.05നു കരിപ്പൂരില്‍ വിമാനമിറങ്ങി.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 8,445 ഉം ലക്ഷദ്വീപില്‍ നിന്ന് 314 ഉം മാഹിയില്‍ നിന്ന് 58 ഉം ഹാജിമാര്‍ ഉള്‍പ്പടെ 8,817 പേരാണ് ഈ വര്‍ഷം കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് വഴി ഹജ്ജിന് പുറപ്പെട്ടിരുന്നത്. കേരളത്തില്‍ നിന്നുള്ള 15 ഹാജിമാരും ലക്ഷദ്വീപില്‍ നിന്ന് ഒരു ഹാജിയും ഉള്‍പ്പടെ 16 പേര്‍ വിശുദ്ധ ഭൂമിയില്‍ വെച്ച് മരിച്ചു.
അസുഖത്തെ തുടര്‍ന്ന് വയനാട്ടില്‍ നിന്നുള്ള ഫാത്തിമ ഹജ്ജുമ്മക്ക് ഇന്നലെ മടങ്ങി എത്താനായില്ല. മകനൊപ്പമാണ് ഇവര്‍ ഹജ്ജിന് പുറപ്പെട്ടിരുന്നത്. മകന്‍ ഇന്നലെ എത്തിയ സംഘത്തിലുണ്ടായിരുന്നു. ഫാത്തിമ ഹജ്ജുമ്മ ഹജ്ജ് മിഷന്റെ സംരക്ഷണത്തിലാണ്. 8,793 പേരാണ് ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തിരിച്ചെത്തിയത്.
ആറ് പേര്‍ നേരത്തെ സ്വന്തം ചെലവില്‍ തിരിച്ചെത്തിയിരുന്നു. ദുബൈയില്‍ ജോലിയുള്ള ഒരാള്‍ ഹജ്ജ് നിര്‍വഹിച്ച ശേഷം ദുബൈയിലേക്ക് തന്നെ മടങ്ങി.