Connect with us

Malappuram

വഴിക്കടവിലെ 250 ഓളം കുടുംബങ്ങളെ കുടിയിറക്കുന്നു

Published

|

Last Updated

മലപ്പുറം: വനം വകുപ്പ് വഴിക്കടവ് പഞ്ചായത്തിലെ 250 ഓളം കുടുംബങ്ങളെ വനം വകുപ്പ് കുടിയിറക്കുന്നു. നാല്‍പ്പത് വര്‍ഷത്തിലേറെയായി എല്ലാ രേഖകളോടും കൂടി കൈവശം വെച്ച് പോരുന്ന ഉടമകളെയാണ് വനം വകുപ്പ് കുടിയിറക്കുന്നത്. തണ്ണിക്കടവ്, കല്ലായിപ്പൊട്ടി, ഓടപ്പൊട്ടി, അറണാടന്‍പൊട്ടി, പാതിരിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കുടിയിറക്കുന്നത്.
അര നൂറ്റാണ്ടുമുമ്പ് ജനവാസം തുടങ്ങിയ പ്രദേശങ്ങളാണ് ഇവ. മൂന്ന് തവണ റബ്ബറിന്റെ ആവര്‍ത്തനകൃഷി ചെയ്ത പ്രദേശങ്ങളാണിവ. കഴിഞ്ഞ 40 വര്‍ഷക്കാലം വനം വകുപ്പ് ഈ പ്രദേശത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല.
ഏഴു വര്‍ഷം മുമ്പ് വനം വകുപ്പ് ആദ്യമായി കുടിയിറക്ക് ഭീഷണി ഉന്നയിച്ചിരിന്നു. അന്ന് രാഷ്ട്രീയ ഇടപെടലും ജനകീയ പ്രക്ഷോഭവുമാണ് വനം വകുപ്പിനെ പിന്തിരിപ്പിച്ചത്. വീണ്ടും ഒരാഴ്ച മുമ്പാണ് ഭീഷണിയുമായി വനം ഉദേ്യാഗസ്ഥര്‍ രംഗത്തുവന്നത്.
പ്രദേശങ്ങളിലെ ചില സ്ഥലങ്ങളില്‍ റബ്ബര്‍ തൈകള്‍ വ്യാപകമായി വനം വകുപ്പ് വെട്ടി നശിപ്പിച്ചിരുന്നു. പ്രദേശത്ത് ജെണ്ട കെട്ടി സ്ഥലം വനത്തോടു ചേര്‍ക്കാനുള്ള പ്രവര്‍ത്തി വനം വകുപ്പ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ പഞ്ചായത്തിലെ കാട്ടിമറ്റത്ത് ഭൂമാഫിയക്ക് അതീവ പരിസ്ഥി ദുര്‍ബല പ്രദേശത്ത് റിസോര്‍ട്ട് നിര്‍മിക്കാനുള്ള ഒത്താശ ചെയ്തതും വനം വകുപ്പാണ്.
നീലഗിരി ബയോസ്ഫിയറിലെ കണ്ണായ പ്രദേശത്തിനു ചുറ്റും നിബിഡ വനമേഖലയാണ്. ഇതിന് എന്‍ ഒ സി നല്‍കിയത് വനം വകുപ്പിലെ ഉന്നതരുടെ അറിവോടെയാണ്. ഭൂമി തരംമാറ്റിയതും പത്തിലധികം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നതിനും പഞ്ചായത്ത് പഞ്ചായത്ത് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് അനുമതി നേടിയെടുക്കാനായതും വനം വകുപ്പിന്റെ ഈ എന്‍ ഒ സിയുടെ ബലത്തിലാണ്. ഇത്തരത്തില്‍ ക്രമക്കേടുകള്‍ അരങ്ങുവാഴുമ്പോഴാണ് താമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നത്. തണ്ണിക്കടവിലെ ഭൂഉടമകള്‍ക്ക് പട്ടയമുണ്ട്.
വനം വകുപ്പ് കുടിയിറക്കണമെങ്കില്‍ ഉടമകള്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ ജോര്‍ജി പി മത്തച്ചന്‍ പറഞ്ഞത്. പലരുടെ കൈവശവും ശരക്കുള്ള പട്ടയമല്ല ഉള്ളതെന്നും അദ്ധേഹം പറയുന്നു. കോടതി വിധി അനുകൂലമായാല്‍ വനം വകുപ്പില്‍ നിന്ന് പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഡി എഫ് ഒ പറഞ്ഞു.
ശരിക്കുള്ള പട്ടയമാണെങ്കില്‍ അത് റദ്ദാക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. എങ്കില്‍ റിപ്പോര്‍ട്ട് ലഭിച്ച് മതിയായിരുന്നു നടപടിയെന്ന് പലരും ഉദേ്യാഗസ്ഥരെ ഉപദേശിക്കുന്നുണ്ടെങ്കിലും ഭൂമി ആവശ്യമുള്ളവര്‍ക്ക് കോടതിയില്‍ പോകാം എന്ന സമീപനമാണ് വനം വകുപ്പിനുള്ളത്. ജെണ്ട കെട്ടി നാട്ടുകാരെ ഒഴിപ്പിക്കാന്‍ വനം വകുപ്പ് തയ്യാറെടുക്കുമ്പോള്‍ തന്നെ നാട്ടുകാരും സംഘടിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിന് വേണ്ടി നാട്ടുകാര്‍ ജനകീയ സമിതി രൂപവത്കരിച്ചിരിച്ചിട്ടുണ്ട്.