Connect with us

Gulf

ഐ സി എഫ് മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സിന് നാളെ തുടക്കം

Published

|

Last Updated

ദുബൈ: ഐ സി എഫ് മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് 15,16 തിയ്യതികളില്‍ ദുബൈയില്‍ നടക്കും. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രവാസി ഘടകമായ ഐ സി എഫിന് ഗള്‍ഫ് രാജ്യങ്ങളില്‍ അരലക്ഷം ഔദ്യോഗിക അംഗങ്ങളും അതിലേറെ അനുഭാവികളുമുണ്ട്. ആറ് നാഷനല്‍ ഘടകങ്ങള്‍ക്കു കീഴിലായി 36 സെന്‍ട്രല്‍ കമ്മിറ്റികളും അഞ്ഞൂറോളം യൂനിറ്റ് ഘടകങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. 2013-16 പ്രവര്‍ത്തന കാലയളവിലെ മെമ്പര്‍ഷിപ്പ്, പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാഷനല്‍ ഘടകങ്ങളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട 44 പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സംഗമം വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30-ന് അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ആദര്‍ശം, ദഅ്‌വത്ത്, സംഘാടനം, കാബിനറ്റ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ക്ക് പുറമെ ഗ്രൂപ്പ് ചര്‍ച്ചകള്‍, അനുസ്മരണം, സുന്നി വോയ്‌സ് ടെസ്റ്റ് തുടങ്ങിയ അനുബന്ധ സെഷനുകളും നടക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള നയരേഖക്കും കര്‍മ്മ പദ്ധതികള്‍ക്കും സമ്മേളനം അന്തിമരൂപം നല്‍കും.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംഘടനാ കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രവാസികാര്യ സെക്രട്ടറി മുഹമ്മദ് പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഗള്‍ഫ് രാജ്യങ്ങളില്‍ ധാര്‍മിക മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കുന്ന ഐ സി എഫ് സാരഥികളുടെ രണ്ടു നാളത്തെ സവിശഷേ സംഗമത്തെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യു എ ഇ നാഷനല്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന പ്രബോധന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ഗള്‍ഫ് കൗണ്‍സില്‍ സാരഥികളുടെ തിരഞ്ഞെടുപ്പോടെ ശനിയാഴ്ച്ച ഉച്ചക്ക് സമ്മേളനം സമാപിക്കും.

Latest