ആര്‍ ബി ശ്രീകുമാറും ഐ എസ് ആര്‍ ഒ ചാരക്കേസും

Posted on: November 14, 2013 6:00 am | Last updated: November 13, 2013 at 10:13 pm

sreekumarമഹാരാഷ്ട്രയിലെ മലേഗാവില്‍ 2006ലുണ്ടായത് പോലുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് 2007ല്‍ ആന്ധ്രാ പ്രദേശിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിന് മുമ്പ് രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കേന്ദ്ര സര്‍ക്കാറോ ഇന്റലിജന്‍സ് ഏജന്‍സിയുടെ അക്കാലത്തെയോ പില്‍ക്കാലത്തെയോ മേധാവികളോ നിഷേധിച്ചിട്ടില്ല. മലേഗാവില്‍ സ്‌ഫോടനങ്ങളുണ്ടായി ദിവസങ്ങള്‍ക്കകം, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സിമി)യാണെന്ന് മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം (എ ടി എസ്) കണ്ടെത്തി സുത്രധാരനെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മലേഗാവിലുണ്ടായത് പോലൊരു സ്‌ഫോടനം മക്ക മസ്ജിദിലുണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുമ്പോള്‍, അതിന് പിന്നില്‍ സിമിയല്ലാതെ മറ്റാരുമാകാന്‍ തരമില്ലെന്ന് വിശ്വസിക്കപ്പെടുക സ്വാഭാവികം. ഹേമന്ദ് കാര്‍ക്കറെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍, മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ ഭീകരവാദ സംഘടനയാണെന്ന നിഗമനമുണ്ടായി. അതിന് നേതൃത്വം നല്‍കിയത് മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന കേണല്‍ ശ്രീകാന്ത് പുരോഹിതായിരുന്നുവെന്നും അന്വേഷണ സംഘം ആരോപിച്ചു. മലേഗാവില്‍ പൊട്ടിത്തെറിച്ച ബോംബ് സ്ഥാപിച്ചിരുന്ന ഇരുചക്ര വാഹനം, സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഭിനവ് ഭാരത് എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന പ്രജ്ഞാ സിംഗിന്റെ പേരിലുള്ളതായിരുന്നുവെന്നും കണ്ടെത്തി. അന്വേഷണത്തില്‍ പാളിച്ചയുണ്ടാകുക സ്വാഭാവികം, അത് മനഃപൂര്‍വമാകാം, അല്ലാതെയുമാകാം. പക്ഷേ, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കാര്യത്തിലോ?
മലേഗാവിലുണ്ടായത് പോലുള്ള സ്‌ഫോടനം മക്ക മസ്ജിദിലുമുണ്ടാകാന്‍ ഇടയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുമ്പോള്‍, അത് ഏതെങ്കിലും വിവരങ്ങളുടെ അടിസ്ഥാനത്തിലാകണം. സിമിയെ കേന്ദ്രീകരിച്ച് എ ടി എസ് അന്വേഷണം തുടരുകയും അറസ്റ്റുകള്‍ നടത്തുകയും ചെയ്ത കാലത്താണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ടാകുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തയ്യാറായത് എന്ന സംശയം സ്വാഭാവികം. എ ടി എസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലോ ഇന്റലിജന്‍സ് സ്വമേധയാ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലോ? എ ടി എസ്സിന്റെ നിഗമനങ്ങള്‍ തള്ളിക്കളയപ്പെടുകയും മലേഗാവിലെ ക്രൂരതക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ പ്രധാനമാണ്. മലേഗാവിലെ സ്‌ഫോടനം നടത്തിയത് ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ അംഗങ്ങളാണെങ്കില്‍, 2006ലുണ്ടായതുപോലുള്ള സ്‌ഫോടനം മക്ക മസ്ജിദിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഈ ശൃംഖലയെക്കുറിച്ച് അറിവുണ്ടായിട്ടുണ്ടാകുമോ? അങ്ങനെയെങ്കില്‍ അത് തുറന്നു പറയാത്തത് എന്തുകൊണ്ട്? എ ടി എസ്സിന്റെ അന്വേഷണത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെങ്കില്‍, ഇന്റലിജന്‍സ് സംവിധാനം കൊണ്ട് എന്ത് പ്രയോജനം? വിവരശേഖരണത്തിനായി എ ടി എസ് തന്നെ റിക്രൂട്ട് ചെയ്തവരില്‍ ഒരാളെയാണ് മലേഗാവ് സ്‌ഫോടനത്തിന് ശേഷം അവര്‍ ആദ്യം അറസ്റ്റ് ചെയ്തത് എന്ന ആരോപണം കൂടി നിലനില്‍ക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഒരു കാലത്തും ഉത്തരം കിട്ടില്ല എന്നതും ഉത്തരമുണ്ടെങ്കില്‍ കൂടി അത് പുറത്തുവിടാന്‍ ഭരണസംവിധാനം തയ്യാറാകില്ലെന്നതുമാണ് വസ്തുത.
ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ആര്‍ ബി ശ്രീകുമാര്‍ എന്ന വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥനെതിരെ ബി ജെ പി രംഗത്തുവന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിനിമയം ചെയ്ത വിവരങ്ങളിലെ വൈരുധ്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. വൈരുധ്യസമൃദ്ധിയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ പാചകം ചെയ്‌തെടുത്ത റിപ്പോര്‍ട്ടുകളും നിരവധി ചൂണ്ടിക്കാട്ടാനാകും. ഈ റിപ്പോര്‍ട്ടുകളെ പ്രായേണ അംഗീകരിച്ച് മുന്നോട്ടുപോകുകയാണ് ഭരണത്തിലിരിക്കുന്നവര്‍ ചെയ്യാറ്. അതിലെ വൈരുധ്യമോ സത്യവിരുദ്ധതയോ ബോധ്യപ്പെട്ടാലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നടപടികളിലേക്ക് കടക്കാറില്ല. ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ ആധികാരികതയില്‍ സംശയലേശമില്ലാത്ത പാര്‍ട്ടിയാണ് ബി ജെ പി, ഭീകരാക്രമണങ്ങളുടെ കാര്യത്തിലാണെങ്കില്‍ വിശേഷിച്ചും. ഏതാണ്ടെല്ലാ റിപ്പോര്‍ട്ടുകളും മുന്‍ കാലങ്ങളില്‍ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള സിമി പ്രവര്‍ത്തകരെയോ പിന്നീട് ഇന്ത്യന്‍ മുജാഹിദീനിനെയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് എന്നതുകൊണ്ടാണ് ബി ജെ പിക്ക് ശങ്കക്ക് വകയില്ലാതിരിക്കുന്നത്.
രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടിച്ചമച്ച ഒന്നാണെന്ന് നീതിന്യായ സംവിധാനം വ്യക്തമാക്കിയതാണ്. കേസില്‍ താനടക്കമുള്ളവരെ കുടുക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു, അതില്‍ ആര്‍ ബി ശ്രീകുമാര്‍ പങ്കാളിയായെന്നും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് വന്നപ്പോള്‍ നമ്പി നാരായണനെ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയില്‍, ചാരക്കേസിനെക്കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെക്കുറിച്ചും സംസാരിച്ചുവെന്ന് നമ്പി നാരായണന്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ബി ജെ പിയുടെ ദേശീയ നേതൃത്വം ആര്‍ ബി ശ്രീകുമാറിനെതിരെ രംഗത്തുവന്നത്. ആര്‍ ബി ശ്രീകുമാര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടെന്ന് കരുതിയാല്‍ തന്നെ (ശ്രീകുമാര്‍ ഇത് നിഷേധിക്കുകയും ചാരവൃത്തി നടന്നുവെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്) ബി ജെ പി ഇപ്പോഴതുന്നയിക്കുന്നതില്‍ നിക്ഷിപ്ത താത്പര്യമുണ്ട്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിതനായ നരേന്ദ്ര മോഡിക്കെതിരെ കര്‍ശന നിലപാടെടുത്ത ശ്രീകുമാറിനെ ക്ഷീണിപ്പിക്കുക എന്ന താത്പര്യം. ഇതല്ല, ബഹിരാകാശ മേഖലയില്‍ രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള ശാസ്ത്രജ്ഞന്റെ ഔദ്യോഗിക, വ്യക്തി ജീവിതങ്ങള്‍ കേസില്‍ക്കുടുക്കി നശിപ്പിച്ചതില്‍ വൈകിയുണ്ടായ രോഷമാണ് കാരണമെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം.
രണ്ടായാലും ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം സംശയലേശമില്ലാത്ത വിധം കൃത്യതയുള്ളതാണെന്ന ബോധ്യത്തില്‍ നിന്ന് ബി ജെ പി തെല്ലെങ്കിലും മാറിയിരിക്കുന്നുവെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍, ഒരു ദശകം മുമ്പ് ഗുജറാത്തിലെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ ചില റിപ്പോര്‍ട്ടുകളുടെ ആധികാരികത സംബന്ധിച്ച സംശയങ്ങളോടുള്ള പ്രതികരണത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ? ഗുജറാത്ത് വംശഹത്യക്ക് ശേഷം അരങ്ങേറിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെല്ലാം പിന്തുണയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നരേന്ദ്ര മോഡിയെയും സംഘ് പരിവാരത്തിന്റെ മറ്റ് മുതിര്‍ന്ന നേതാക്കളെയും വധിക്കുക എന്ന ലക്ഷ്യത്തോടെ ലശ്കറെ ത്വയ്യിബ ബന്ധമുള്ള തീവ്രവാദികള്‍ എത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. അതില്‍ മൂന്നെണ്ണത്തിന്റെയെങ്കിലും ആധികാരികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാദിഖ് ജമാല്‍, സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത് ജഹാന്‍ എന്നീ പേരുകളില്‍ സുപരിചിതമായ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൃത്രിമമായി തയ്യാറാക്കി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അക്കാലത്ത് ഗുജറാത്തിലെ ഇന്റലിജന്‍സ് വിഭാഗത്തിന് നേതൃത്വം നല്‍കിയവരെ ചോദ്യം ചെയ്യാന്‍ സി ബി ഐ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു ബി ജെ പി. ഇത്തരം നടപടികള്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ കാര്യത്തില്‍, കെട്ടിച്ചമക്കലിനെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചുമെല്ലാം പരാതിപ്പെടാന്‍ നമ്പി നാരായണനടക്കമുള്ളവരുണ്ട്. ഗുജറാത്തിലെ സംഭവങ്ങളില്‍ പരാതി പറയാന്‍ വ്യക്തികള്‍ ശേഷിക്കുന്നില്ല. ചില കേസുകളില്‍ പോലീസിന്റെ ബുള്ളറ്റിന് ഇരയായത് ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടു പോലുമില്ല. മേല്‍പ്പറഞ്ഞ മൂന്ന് കേസുകളിലും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് ഇതിനകം പുറത്തുവന്ന വിവരം. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പോലീസുകാര്‍ പിടികൂടി കൈമാറിയ ആളുകളെയാണ് അഹമ്മദാബാദിലെത്തിച്ച് വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചത്. അതിന് സാധുതയേകാന്‍ പാകത്തിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് രജീന്ദര്‍ കുമാറിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ചമച്ചുകൊടുത്തുവെന്നാണ് ആരോപണം. ഐ എസ് ആര്‍ ഒ ചാരക്കേസ് സൃഷ്ടിക്കുന്നതിന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുമായി ആര്‍ ബി ശ്രീകുമാറിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഏറ്റെടുക്കും മുമ്പ്, ഗുജറാത്തില്‍ മോഡിയുടെ മൂക്കിന് താഴെ, മോഡിയുടെയും മന്ത്രിസഭയിലെ അംഗങ്ങളുടെയും അറിവോടെ നടന്നുവെന്ന് പറയപ്പെടുന്ന, നിസ്സഹായരുടെ ജീവനെടുത്ത ഗൂഢാലോചനയെക്കുറിച്ച് നടക്കുന്ന അന്വേഷണത്തെ തള്ളിപ്പറയാതിരിക്കുകയെങ്കിലും വേണം ബി ജെ പി.
സ്വന്തം താത്പര്യങ്ങള്‍ക്ക് ഗുണകരമാകുന്ന ആരോപണങ്ങളെ ഏറ്റെടുക്കുകയും മറ്റുള്ളവയെ പ്രതിരോധിക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് സ്വഭാവങ്ങളിലൊന്നാണ്. രാജ്യ സ്‌നേഹത്തില്‍ രണ്ടടി മുന്നില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന, കറയില്ലാത്ത ദേശീയ വികാരത്തിന്റെ പൈതൃകം ചുമലിലേറ്റുന്ന ബി ജെ പിക്ക് ഇക്കാര്യത്തില്‍ മറ്റുള്ള പാര്‍ട്ടികളേക്കാള്‍ വലിയ ബാധ്യതയുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തെ ഭീകരവാദ മുദ്രകുത്തി മാറ്റിനിര്‍ത്തുന്നതിലെ അനൗചിത്യം, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതിന് ശേഷം നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കുരുതി അരങ്ങേറിയ മണ്ണിലിപ്പോള്‍, വികസന പ്രവര്‍ത്തനങ്ങളിലേറെയും നടക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മേഖലകളിലാണെന്ന് മോഡി അവകാശപ്പെടുന്നുമുണ്ട്. ദേശത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്ന് കരുതപ്പെടുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പിന്തുടര്‍ച്ചാവകാശം നേടിയെടുക്കാന്‍ വല്ലാതെ വിയര്‍പ്പൊഴുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് സംവിധാനം ഗുജറാത്ത് എപ്പിസോഡുകളില്‍ എന്ത് പങ്ക് വഹിച്ചുവെന്നതു കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്വം ബി ജെ പിക്കുണ്ട്. അതെല്ലാം മറന്നേക്കൂ, ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ആര്‍ ബി ശ്രീകുമാര്‍ വഹിച്ച പങ്കാണ് അന്വേഷിക്കേണ്ടത് (ശ്രീകുമാര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കരുതിയാല്‍ തന്നെയും) എന്നാണ് നിലപാടെങ്കില്‍ അതിന് ഒരു പ്രതികാരത്തിന്റെ ഛായയുണ്ടാകും. തീരെ വില കുറഞ്ഞ പ്രതികാരത്തിന്റെ ഛായ.