ഫിലിപ്പീന്‍സില്‍ വിശന്നു വലഞ്ഞ ജനക്കൂട്ടം ഗോഡൗണിലേക്ക് ഇരച്ചുകയറി; എട്ടുമരണം

Posted on: November 13, 2013 11:54 pm | Last updated: November 13, 2013 at 11:54 pm

2013111084019680260_8മനില: ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതബാധിത മേഖലയായ ലെയ്ത് പ്രവിശ്യയിലെ ടെക്‌ലോബാനില്‍ അരി ഗോഡൗണ്‍ ജനക്കൂട്ടം കൊള്ളയടിച്ചു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോഡൗണിലേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ ഇരച്ച് കയറി. ഗോഡൗണിലേക്കുള്ള തിരക്കില്‍ പെട്ട് എട്ട് പേര്‍ മരിച്ചതായി സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. ഗോഡൗണില്‍ നിന്ന് ഒരുലക്ഷത്തിലധികം വരുന്ന അരിച്ചാക്കുകള്‍ ജനം കൊണ്ടുപോയി. ദുരിത ബാധിത മേഖലയിലെ വിശന്നു വലഞ്ഞ ജനക്കൂട്ടമാണ് പരാക്രമം നടത്തിയതെന്നും ഇതിനെ ക്രമിനല്‍ പ്രവര്‍ത്തനമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ദേശീയ ഫുഡ് അതോറിറ്റി വക്താവ് റെക്‌സ് എസ്‌തോപെറെസ് വ്യക്തമാക്കി.
ടെക്‌ലോബാനിലെ വിമാനത്താവളത്തിലും മറ്റും യു എന്നില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഭക്ഷണ വസ്തുക്കള്‍ എത്തിയിട്ടുണ്ടെങ്കിലും ദുരിത മേഖലയിലെ റോഡുകള്‍ തകര്‍ന്നത് കാരണം അവ ജനങ്ങളിലേക്ക് എത്തിക്കാന്‍ സന്നദ്ധ സംഘങ്ങള്‍ക്ക് ആയിട്ടില്ല.
ഗോഡൗണിലേക്ക് ജനം ഇരച്ച് കയറുന്നത് നോക്കിനില്‍ക്കാനെ പോലീസിനും സൈന്യത്തിനും സാധിച്ചുള്ളു. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ വിഫലമായ ശ്രമം നടത്തിയ പോലീസ് പിന്നീട് വിട്ടുനില്‍ക്കുകയായിരുന്നു. ഹൈയാന്‍ കൊടുങ്കാറ്റില്‍ തീരദേശ നഗരമായ ടെക്‌ലോബാന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടുത്തെ 90 ശതമാനം വീടുകളും പൂര്‍ണമായി നശിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ടെക്‌ലോബാനില്‍ ഭക്ഷണ വസ്തുക്കള്‍ക്കും മറ്റുമായി വീടുകളും കടകളും ജനങ്ങള്‍ കൊള്ളയടിക്കുന്നത് പതിവായിരിക്കുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ടെക്‌ലോബാനിലെ ജനങ്ങള്‍ക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങള്‍ എത്തിച്ച് കൊടുത്താലേ ഇവിടുത്തെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളുവെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.