ആര്‍ എസ് സി സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി

Posted on: November 13, 2013 4:59 pm | Last updated: November 13, 2013 at 4:59 pm

ദോഹ: ഹൃദയത്തിന്റെ ഭാഷ നഷ്ടപ്പെടുന്ന ഇക്കാലത്ത് ഹൃത്തില്‍ ചാലിച്ചെടുത്ത സാഹിത്യ സൃഷ്ടികള്‍ക്കും പ്രകടനങ്ങള്‍ക്കും വലിയ പ്രസക്തിയുണ്ട്. ദഫും അറബന മുട്ടും ആസ്വാദനത്തിനപ്പുറം പുതിയ തലമുറയെ പഴയ സമൂഹങ്ങളുമായി നിരന്തരം ബന്ധിപ്പിക്കുന്നു. വീര സ്മരണകള്‍ കോറിയിടുന്ന മാപ്പിളപ്പാട്ടുകളില്‍ നമ്മുടെ പൈതൃകങ്ങളുടെ അംശമുണ്ട്. കൊച്ചു കുട്ടികളുടെ സര്‍ഗവാസനകള്‍ക്ക് സ്‌നേഹമുള്ള ഒരു സമൂഹത്തില്‍ വലിയ സുഗന്ധമുണ്ട്. മാനവികമായ വിചാരങ്ങള്‍ക്ക് എന്നും ഊടും പാവും നല്‍കിയ മലയാളികള്‍ക്ക് കലാ സാഹിത്യ രംഗത്ത് മറ്റാരെക്കാളും അതീശത്വമുണ്ട്.

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ വേദികള്‍ക്ക് ഈ വര്‍ഷവും പ്രൗഢമായ തുടക്കമായി. യൂണിറ്റ്, സെക്റ്റര്‍, സോണ്‍ തലത്തില്‍ മത്സരിച്ച് നാല് സോണുകളില്‍ നിന്നായി ഒന്നാം സ്ഥാനത്ത് എത്തിയ വ്യത്യസ്ത ഘടകങ്ങളിലെ വിദ്യാര്‍ത്ഥി, യുവജനങ്ങള്‍ നാല്‍പത്തി അഞ്ച് ഇനങ്ങളില്‍ നാഷണല്‍ സാഹിത്യോത്സവ് വേദിയില്‍ മാറ്റുരക്കും.

വിദ്യാര്‍ത്ഥിനികള്‍ക്കായി ക്വിസ് പ്രോഗ്രാം, പ്രബന്ധ രചന, കഥാ രചന, കവിതാ രചന എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. ബിന്‍ ഉംറാനിലെ ഗാര്‍ഡന്‍ വില്ലേജ് റസ്റ്റോറന്റില്‍ നടന്ന സ്വാഗതസ സംഘ രൂപീകരണ സംഗമം കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ സംഗമം ഐ. സി. എഫ് നാഷണല്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം ഹാജി മേമുണ്ട അദ്ധ്യക്ഷത വഹിച്ചു. സാഹിത്യോത്സവ് 2013 ബ്രോഷര്‍ പ്രമുഖ വ്യവസായി നിസാര്‍ ചോമയില്‍ പ്രകാശനം ചെയ്തു. നൗഷാദ് സഖാഫി മുണ്ടക്കുറ്റി, അബൂബക്കര്‍ ഫൈസി കാവനൂര്‍, അഹമ്മദ് സഖാഫി പേരാമ്പ്ര പ്രസംഗിച്ചു. ആര്‍ എസ് സി ചെയര്‍മാന്‍ ജമാല്‍ അസ്ഹരി കണ്ണപുരം, അശ്‌റഫ് സഖാഫി മായനാട്, അബ്ദുസ്സലാം പാപ്പിനിശ്ശേരി, മുഹ്‌യദ്ദീന്‍ സഖാഫി പൊന്മള, യൂസുഫ് സഖാഫി അയ്യങ്കേരി, നൗഷാദ് അതിരുമട സംബന്ധിച്ചു. ഉമര്‍ കുണ്ടുതോട് സ്വാഗതവും ബഷീര്‍ വടക്കൂട്ട് നന്ദിയും പറഞ്ഞു.