സിബിഐ ഡയറക്ടറുടെ ‘ബലാത്സംഗ’ പരാമര്‍ശം വിവാദമാകുന്നു

Posted on: November 13, 2013 10:53 am | Last updated: November 13, 2013 at 6:06 pm

ranjith sinhaന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ബലാത്സംഗം തടയാനായില്ലെങ്കില്‍ അത് ആസ്വദിക്കൂ, എന്ന സിബിഐ ഡയറക്ടറുടെ പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യയിലെ പ്രധാന കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയാണ് ഇക്കാര്യം പറഞ്ഞത്. കായിക മത്സരങ്ങളില്‍ വാതുവെപ്പ് തടയാനായില്ലെങ്കില്‍ അത് നിയമപരമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കവെയാണ് അദ്ദേഹം ഇതിനോട് താരതമ്യം ചെയ്ത് ബലാത്സംഗവും ആസ്വദിക്കണമെന്ന പരാമര്‍ശം നടത്തിയത്.
സംസ്ഥാനങ്ങളില്‍ ലോട്ടറിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചൂതാട്ടത്തിനും നിയമപരമായി പ്രവര്‍ത്തിക്കാമെങ്കില്‍ വാതുവെപ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്നും സിബിഐ ഡയറക്ടര്‍ പറഞ്ഞു. രാജ്യത്തെ കള്ളപ്പണം വെളിപ്പെടുത്താനുള്ള അനുമതി സര്‍ക്കാര്‍ ചെയ്തുകൊടുത്തതിലൂടെ അത് നിയമപരമാക്കുക തന്നെയാണ് ചെയ്യുന്നത്. അങ്ങനയെങ്കില്‍ വാതുവെപ്പ് എന്തുകൊണ്ട് നിയമപരമാക്കിക്കൂടയെന്നും സിന്‍ഹ ചോദിച്ചു. രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശത്തിനെതിരെ വനിതാ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചു തുടങ്ങിയതോടെ രഞ്ജിത് സിന്‍ഹ വിശദീകരണവുമായി രംഗത്തെത്തി. വാതുവെപ്പിനെ കുറിച്ച് വിശദീകരിക്കുമ്പോള്‍ സാന്ദര്‍ഭികമായി ബലാത്സംഗത്തെ കുറിച്ച് പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ സ്ത്രീകളെ അപമാനിക്കുന്നതാണ് പരാമര്‍ശം. ബലാത്സംഗത്തെ സിബിഐ ഡയറക്
ടര്‍ ഇത്രയും നിസ്സാരവല്‍ക്കരിച്ചത് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് സിന്‍ഹ ചെയ്തതെന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട പറഞ്ഞു. സിബിഐ ഡയറക്ടര്‍ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.