രോഗ പ്രതിരോധ മാസാചരണം തുടങ്ങി

Posted on: November 13, 2013 8:29 am | Last updated: November 13, 2013 at 8:29 am

കല്‍പറ്റ: പ്രതിരോധം ചികിത്സയേക്കാള്‍ ഉത്തമം എന്ന സന്ദേശമുയര്‍ത്തി രോഗപ്രതിരോധ മാസാചരണത്തിന് ജില്ലയില്‍ തുടക്കമായി. ദേശീയ ആരോഗ്യമിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി തോമസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹംസ കടവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതാവിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജിതേഷ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍കാട്ടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ-സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജാ രാജന്‍, വാര്‍ഡ് മെമ്പര്‍മാരായ വി.പി. യൂസഫ്, കമലാ രാമന്‍, മദര്‍ & ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ പ്രസന്നകുമാരി, രാജലക്ഷ്മിയമ്മ (സി.ഡി.പി.ഒ), മെഡിക്കല്‍ ഓഫീസര്‍ ഡോ. വിപിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണദാസ്, ആരോഗ്യകേരളം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്‌സ്, അംഗണ്‍വാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.രോഗപ്രതിരോധ മാസാചരണത്തോടനുബന്ധിച്ച് ഊര്‍ജ്ജിത ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടതായി ഡി.എം.ഒ. അറിയിച്ചു. വാര്‍ഡുതല ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് ഇതില്‍ മുന്‍തൂക്കം നല്‍കുന്നത്. ജില്ലയില്‍ 1646 കുഞ്ഞുങ്ങള്‍ക്ക് ശരിയായ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കണിയാമ്പറ്റ, വെള്ളമുണ്ട, പനമരം, മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലാണ് ഇവയില്‍ ഭൂരിഭാഗവും. ഈ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ഡി.എം.ഒ. അറിയിച്ചു.