7,340 പേരുടെ ലൈസന്‍സും 622 ബസുകളുടെ ഫിറ്റ്‌നസും റദ്ദാക്കും

Posted on: November 13, 2013 12:16 am | Last updated: November 13, 2013 at 12:16 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വാഹന പരിശോധനയില്‍ 7,340 പേരുടെ ഡ്രൈവിംഗ് ലൈസന്‍സും 622 ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനോടിച്ചതിനാണ് 7340 പേരുടെ ലൈസന്‍സ് റദ്ദാക്കുന്നത്. എന്നാല്‍ വേഗപ്പൂട്ട് ഘടിപ്പിക്കാതെയും കൃത്രിമം കാണിച്ചും സര്‍വീസ് നടത്തിയ ബസുകളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റാണ് റദ്ദാക്കുന്നത്. ഇതില്‍ 502 പ്രൈവറ്റ് ബസുകളും 120 കെ എസ് ആര്‍ ടി സി ബസുകളും ഉള്‍പ്പെടും.
സെപ്തംബര്‍ 23 മുതല്‍ ഈ മാസം 11 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചത് തിരുവനന്തപുരം ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റാണ്. ഇവിടെ 1,144 പേരാണ് നിയമലംഘനത്തിന് പിടിയിലായത്.
മറ്റു റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് കീഴില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് റദ്ദാക്കാന്‍ നോട്ടീസ് അയച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെ:
തിരുവനന്തപുരം- 296, കൊല്ലം- 294, പത്തനംതിട്ട- 436, ആലപ്പുഴ- 214, കോട്ടയം- 573, ഇടുക്കി- 98, എറണാകുളം- 176, തൃശൂര്‍- 338, പാലക്കാട്- 394, മലപ്പുറം- 60, കോഴിക്കോട്- 322, വയനാട്- 245, കണ്ണൂര്‍- 440, കാസര്‍കോട്- 478, ആറ്റിങ്ങല്‍- 217, മൂവാറ്റുപുഴ- 78, വടകര- 178, ആര്‍ ടി ഒ (ഇ) എറണാകുളം- 457, ആര്‍ ടി ഒ (ഇ) തൃശൂര്‍- 244, ആര്‍ ടി ഒ (ഇ) കോഴിക്കോട്- 525. ഹെല്‍മറ്റ് പരിശോധനയും വേഗപ്പൂട്ട് പരിശോധനയും തുടരുമെന്നും ഇവ കര്‍ശനമാക്കാന്‍ റിജ്യനല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.