ആരുഷി വധം: വിധി 25ന്

Posted on: November 13, 2013 12:09 am | Last updated: November 14, 2013 at 1:38 pm

ഗാസിയാബാദ്: കൗമാരക്കാരിയായ ആരുഷിയും വീട്ടുവേലക്കാരനായ ഹേംരാജും കൊല്ലപ്പെട്ട കേസില്‍ സി ബി ഐ കോടതി നവംബര്‍ 25ന് വിധി പറയും. കേസില്‍ പ്രതിസ്ഥാനത്തുള്ളത് ആരുഷിയുടെ മാതാപിതാക്കളായ ഡോ. രാജേഷ് തല്‍വാറും ഡോ. നൂപുര്‍ തല്‍വാറുമാണ്.
പ്രതിഭാഗം അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം സി ബി ഐ അതിനോടുള്ള വിയോജിപ്പും രേഖപ്പെടുത്തി. തുടര്‍ന്ന്് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ശ്യാം ലാല്‍ കേസ് വിധി പറയാന്‍ വെക്കുകയായിരുന്നു. മാതാപിതാക്കള്‍ തന്നെയാണ് ആരുഷിയേയും ഹേംരാജിനേയും കൊലപ്പെടുത്തിയതെന്നാണ് സി ബി ഐയുടെ നിലപാട്. അങ്ങനെ വിശ്വസിക്കാനാണ് സാഹചര്യത്തെളിവുകള്‍ നിര്‍ബന്ധിതമാക്കുന്നതെന്നും സി ബി ഐ അറിയിച്ചു.
എന്നാല്‍ തല്‍വാര്‍ ദമ്പതികളെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ആരുഷി- ഹേംരാജ് വധക്കേസില്‍ പതിനഞ്ച് മാസം മുമ്പാണ് വിചാരണ ആരംഭിച്ചത്. ഈ കേസ് എഴുതിത്തള്ളാന്‍ സി ബി ഐ നിര്‍ദേശിച്ചിരുന്നുവെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു. 2008 മെയ് 16ന് നോയിഡയിലെ വസതിയില്‍ ആരുഷിയേയും ഹേംരാജിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.