കാഞ്ചി ശങ്കരരാമന്‍ വധം: വിധി 27ന്‌

Posted on: November 13, 2013 12:03 am | Last updated: November 13, 2013 at 9:00 pm

പുതുച്ചേരി: ഏറെ കൊളിളക്കം സൃഷ്ടിച്ച കാഞ്ചി ശങ്കരരാമന്‍ വധക്കേസില്‍ നവംബര്‍ 27ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സി എസ് മുരുകന്‍ വിധി പറയും. കാഞ്ചിയിലെ പൂജാരിമാരായ ജയേന്ദ്ര സരസ്വതി, വിജയേന്ദ്ര സരസ്വതി എന്നിവരാണ് പ്രതികള്‍.
വിധി പ്രഖ്യാപിക്കുന്നതിന് യാതൊരു എതിര്‍പ്പുമില്ലെന്ന് പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലും വ്യക്തമാക്കിയതായി കാണിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ദേവദാസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2004 സെപ്തംബര്‍ മൂന്നിന് കാഞ്ചീപുരം ശ്രീ വരദരാജസ്വാമി ക്ഷേത്രത്തിന്റെ മാനേജര്‍ എ ശങ്കരരാമനെ ക്ഷേത്രവളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ വിവരം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുക, കുറ്റം ചെയ്യാന്‍ പണം നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് കാഞ്ചി പൂജാരിമാര്‍ക്കെതിരെ ചുമത്തിയത്. 187 സാക്ഷികളെ വിസ്തരിച്ചു. 2005ല്‍ സുപ്രീം കോടതി കേസ് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ നിന്ന് പുതുച്ചേരിയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ സ്വതന്ത്രവും സുതാര്യവുമായ വിചാരണ നടക്കില്ലെന്ന മുഖ്യ പൂജാരിയുടെ ഹരജിയെ തുടര്‍ന്നായിരുന്നു ഇത്.