Connect with us

Gulf

ദുബൈ പോലീസിന്റെ കൂടുതല്‍ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണിലൂടെ

Published

|

Last Updated

ദുബൈ: പോലീസിന്റെ സേവനങ്ങളില്‍ സുപ്രധാനമായ 32 എണ്ണം സ്മാര്‍ട്ട് ഫോണിലൂടെയാക്കിയതായി ദുബൈ പോലീസ് ഉപ മേധാവി ബ്രിഗേഡിയര്‍ ഖമീസ് മത്താര്‍ അല്‍ മുസീന. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഏതു തരം സ്മാര്‍ട്ട് ഫോണിലും ഈ സേവനങ്ങള്‍ ലഭ്യമാകും. നേരത്തെ പ്രഖ്യാപിക്കപ്പെട്ട സ്മാര്‍ട്ട് ഗവണ്‍മെന്റിന്റെ ഭാഗമായാണ് ഈ സൗകര്യപ്പെടുത്തലെന്ന് മുസീന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണ്‍ വഴി ലഭ്യമാകുന്ന സേവനങ്ങളില്‍ പ്രധാനം സ്വഭാവ സര്‍ട്ടിഫിക്കറ്റാണ്. അപേക്ഷിച്ച് 10 മിനിറ്റിനകം സ്വഭാവ സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് ലഭിക്കും. തുടക്കത്തില്‍ ഇത് സ്വദേശികള്‍ക്ക് മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേയുമായി ബന്ധപ്പെട്ട ട്രാഫിക് കാര്യങ്ങള്‍, സുരക്ഷാ കാര്യങ്ങള്‍, സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങള്‍ എന്നിവയില്‍ പോലീസുമായി ബന്ധപ്പെട്ട സേവനങ്ങളാണ് സ്മാര്‍ട്ട് ഫോണ്‍ വഴി ലഭ്യമാക്കുന്നവയില്‍ ഉള്‍പ്പെടുക. പോലീസില്‍ നേരത്തെ നല്‍കിയ ഏതുതരം അപേക്ഷകളുടെയും പിന്തുടരല്‍ ഈ സൗകര്യത്തിലൂടെ നടത്താം. പോലീസിന്റെ പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ പരമാവധി വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തെക്കുറിച്ചും പോലീസ് ഉപ മേധാവി വിശദീകരിച്ചു. എമിറേറ്റിന്റെ പരിധിയില്‍ നടക്കുന്ന ഏതുതരം കുറ്റകൃത്യങ്ങളും അതിലേക്കു നയിക്കാനിടയുള്ള കാര്യങ്ങളും സ്മാര്‍ട്ട് ഫോണിലൂടെ പോലീസിനു തത്സമയം വിവരം നല്‍കാം. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വ്യക്തികളെക്കുറിച്ചും ഈ സംവിധാനത്തിലൂടെ വിവരമറിയിക്കാം. രാജ്യത്ത് എത്തുന്ന സന്ദര്‍ശകരുടെ ബന്ധപ്പെട്ട കാര്യങ്ങളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകരുടെ പക്കല്‍ നിന്നും നഷ്ടപ്പെടുന്ന ചെറുതും വലുതുമായ പണമോ, രേഖകളോ സംബന്ധിച്ച് ഇതുവഴി അവര്‍ക്ക് പരാതിപ്പെടാം. ഇത്തരം പരാതികളുടെ നിജസ്ഥിതി അറിയാനും ഈ സൗകര്യം ഉപയോഗപ്പടുത്താമെന്നും ഖമീസ് അല്‍ മുസീന പറഞ്ഞു.

Latest