വേമ്പനാട് ജനകീയ കമ്മീഷന്റെ ആദ്യ യോഗം നടന്നു

Posted on: November 12, 2013 12:25 am | Last updated: November 12, 2013 at 12:25 am

കൊച്ചി: വേമ്പനാട് കായല്‍ വ്യവസ്ഥയിലെ അനധികൃത കൈയേറ്റങ്ങളുടെ സ്വഭാവവും വ്യാപ്തിയും അന്വേഷിക്കുന്നതിനും തീരദേശ പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിര വികസനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വേമ്പനാട് ജനകീയ കമ്മീഷന്റെ ആദ്യയോഗം കൊച്ചി സര്‍വകലാശാലയില്‍ നടന്നു. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്ത മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാക്കാന്‍ സമിതിയുടെ ആദ്യ കൂടിയിരുപ്പില്‍ തീരുമാനിച്ചു.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഫ. പ്രഭാത് പട്‌നായിക് അധ്യക്ഷനായ സമിതിയുടെ മെമ്പര്‍ സെക്രട്ടറി ഡോ സി ടി എസ് നായരാണ്. ഡോ കെ ജി പത്മകുമാര്‍, ഡോ പി ലീലാകൃഷ്ണന്‍, ഡോ ടി വി അന്നാമേഴ്‌സി, ഡോ ശ്രീകുമാര്‍ ചതോപാധ്യായ, എം ജി രാധാകൃഷ്ണന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. കമ്മീഷന്റെ പരിഗണനാവിഷയങ്ങളും പഠനരീതിയും സംബന്ധിച്ച് ചര്‍ച്ചചെയ്ത് അവസാന ധാരണയിലെത്തിയതായി പ്രഭാത് പട്‌നായിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വേമ്പനാട് കായല്‍ വ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുമായി കമ്മീഷന്‍ ആശയവിനിമയം നടത്തും. വേമ്പനാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വ്യത്യസ്ത ഏജന്‍സികളും ശാസ്ത്രകാരന്മാരും നടത്തിയ പഠനങ്ങളും പരിഗണിക്കപ്പെടും. കേരളത്തിന്റെ ഉത്പാദന സാമ്പത്തികരംഗങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് നടക്കുന്ന നിയമലംഘനങ്ങളെ പരിശോധിക്കാനും കമ്മീഷന്‍ ശ്രമിക്കും. വേമ്പനാട് പരിസ്ഥിതി വ്യൂഹത്തിന്റെ സുസ്ഥിരവികസനത്തിനു വേണ്ടിയുള്ള ഭാവിപരിപ്രേക്ഷ്യം എന്തായിരിക്കണമെന്നതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുള്‍പ്പെടുത്തും. വേമ്പനാട് പശ്ചിമഘട്ടത്തെയും സമുദ്ര തീരത്തെയും ബന്ധിപ്പിക്കുന്ന പരിസ്ഥിതി വ്യവസ്ഥയായതിനാല്‍ പശ്ചിമ ഘട്ടത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചു.
വേമ്പനാടിന്റെ ഭാഗമായി നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ജനകീയചര്‍ച്ചകളും തെളിവെടുപ്പും നടത്തും. കൈയേറ്റങ്ങളെയും നിയമലംഘനങ്ങളെയും സംബന്ധിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യും. വിവിധ ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജഞരുമായി ആശയവിനിമയം നടത്താനും കമ്മീഷന്‍ മീരുമാനിച്ചു. ഓണ്‍ലൈനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും പ്രസക്ത വിവരങ്ങള്‍ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനും സംവിധാനമൊരുക്കും.
ചേര്‍ത്തല താലൂക്കിലെ പാണാവള്ളി പഞ്ചായത്തില്‍പ്പെട്ട നെടിയതുരുത്ത്, വെറ്റിലത്തുരുത്ത് എന്നിവിടങ്ങളിലെ നിയമലംഘനങ്ങളുടെ നിജസ്ഥിതി വിലയിരുത്താന്‍ കമ്മീഷന്‍ അവിടെ സന്ദര്‍ശനം നടത്തി. നിയമലംഘനം പ്രഥമദൃഷ്ട്യാ തന്നെ തെളിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള വികസനങ്ങള്‍ വരുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെയടക്കം കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും ഡോ സിടിഎസ് നായര്‍ പറഞ്ഞു.