സംസ്ഥാന വാരാഘോഷം തലശ്ശേരിയില്‍

Posted on: November 12, 2013 12:22 am | Last updated: November 12, 2013 at 12:22 am

തലശ്ശേരി: 60ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഏഴാമത് സംസ്ഥാന സഹകരണ കലോത്സവവും ഇന്നും നാളെയും മറ്റന്നാളുമായി തലശ്ശേരിയില്‍ നടത്തും. 12, 13 തീയതികളില്‍ സഹകരണ കലോത്സവവും 14ന് വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും ഘോഷയാത്രയും നടക്കും.
സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നഗരസഭാ സ്റ്റേഡിയത്തിലും സഹകരണ കലോത്സവം റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തിലും ക്രൈസ്റ്റ് കോളജിലുമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലോത്സവം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനും നിര്‍വഹിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ കൃഷി മന്ത്രി കെ പി മോഹനന്‍, കെ സുധാകരന്‍ എം പി, പി കരുണാകരന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാകും. സഹകരണ സെമിനാര്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.