കണ്ണീര്‍ കടലായി ഫിലിപ്പൈന്‍സ്

Posted on: November 11, 2013 11:54 pm | Last updated: November 11, 2013 at 11:54 pm

_71040295_11shipsclose976മനില: ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റ് രാജ്യത്തെ വേദനാപൂര്‍ണമായ ദുരന്ത ഭൂമിയാക്കിയതായി റെഡ്‌ക്രോസ് വക്താക്കള്‍. പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ ഹൈയാന്‍ കൊടുങ്കാറ്റില്‍ ഫിലിപ്പൈന്‍സിലെ പ്രധാന തീരദേശ നഗരങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. ലെയ്ത് പ്രവിശ്യയിലെ ടെക്‌ലോബാന്‍, ഗിയാനിലെ സമാര്‍, തുടങ്ങിയ അഞ്ചോളം നഗരങ്ങളില്‍ താണ്ഡവമാടിയ കാറ്റ് ലക്ഷക്കണക്കിന് വീടുകളാണ് നാമവശേഷമാക്കിയത്. ഇതിന് പുറമെ വടക്കന്‍ കെബു, ബെകോ മേഖലകളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ദുരന്ത മേഖലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. ഇവിടുത്തെ ഗതാഗത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഇനിയും പഴയ രൂപത്തിലായിട്ടില്ല. ദുരന്ത ഭൂമി സാധാരണ രീതിയിലെത്താന്‍ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍.
അഭയാര്‍ഥികളായി വിവിധ പ്രവിശ്യകളില്‍ കഴിയുന്ന ലക്ഷക്കണിക്കിനാളുകള്‍ക്ക് അടിയന്തര സഹായം ഉറപ്പ് വരുത്താന്‍ തന്നെ കോടി കണക്കിന് ഡോളര്‍ വേണ്ടിവരും. അഭയാര്‍ഥികള്‍ക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള വസ്തുക്കളെത്തിക്കാന്‍ തിരക്കിട്ട ശ്രമത്തിലാണ് റെഡ് ക്രോസ് അടക്കമുള്ള അന്താരാഷ്ട്ര, പ്രാദേശിക സന്നദ്ധ സംഘടനകള്‍. ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
പതിനായിരക്കണക്കിന് ജനങ്ങള്‍ മരിച്ചിട്ടുണ്ടെന്ന് റെഡ് ക്രോസ് അടക്കമുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ 942 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ടെക്‌ലോബാന്‍ നഗരത്തിലെ വഴിയോരങ്ങളില്‍ ജീവജാലങ്ങളുടെ മൃതദേഹങ്ങളും മറ്റ് അവശിഷ്ടങ്ങളും കൂന്ന്കൂടി കിടക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്ന പാതകളില്‍ സഞ്ചാരം തന്നെ ദുസ്സഹമായിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണത്തിനും മറ്റുമായി ആയിരക്കണക്കിന് ജനങ്ങള്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്. രാജ്യത്ത് ഏകദേശം 90 ലക്ഷം ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കെബു, ബെകോ, ടെക്‌ലോബാന്‍ തുടങ്ങിയ നഗരങ്ങളില്‍ 80 മുതല്‍ 90 ശതമാനം വരെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ഓറിയന്റല്‍ മിന്‍ഡോറോ പ്രവിശ്യയിലെ പ്രധാന തീരദേശ നഗരമായ ബെകോയിലെ 80 ശതമാനം ഭാഗവും വെള്ളത്തിനടി യിലാണെന്ന് യു എന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദുരന്തം ബാധിച്ച പ്രവിശ്യകളില്‍ അടിയന്തര സഹായം എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ഫിലിപ്പൈന്‍സ് പ്രസിഡന്റ് ബെനിഗ്‌നോ അക്യുനോ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തികമായും മറ്റും സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

വിയറ്റ്‌നാമിലും ചൈനയിലും കനത്ത നാശം

ഹനോയി: ഫിലിപ്പൈന്‍സില്‍ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ ഹൈയാന്‍ കൊടുങ്കാറ്റ് വിയറ്റ്‌നാം തീരത്തും കിഴക്കന്‍ ചൈനീസ് തീരങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ചൈനയില്‍ ആറ് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ വര്‍ധിക്കാനിടയുണ്ട്. ഫിലിപ്പൈന്‍സില്‍ വീശിയതിനെ അപേക്ഷിച്ച് ഹൈയാന്‍ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും വിയറ്റ്‌നാമില്‍ നൂറു കണക്കിന് വീടുകള്‍ തകര്‍ത്തു. വടക്കന്‍ പ്രവിശ്യയായ ക്യൂയാംഗ് നിന്‍ഹില്‍ കാറ്റിനെ തുടര്‍ന്ന് കനത്ത മണ്ണിടിച്ചിലുണ്ടായതായി വിയറ്റ്‌നാം കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി വക്താക്കള്‍ അറിയിച്ചു.
കാറ്റിന്റെ ദിശ വിയറ്റ്‌നാം തീരങ്ങളിലേക്കാണെന്ന് വ്യക്തമായതോടെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനിടെ ആറ് ലക്ഷത്തോളം പേരെയാണ് തീരദേശ മേഖലകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. വടക്കന്‍ മേഖലയിലെ നിരവധി റോഡുകളും മറ്റും തകര്‍ന്നിട്ടുണ്ട്. രാജ്യത്തെ പല ഭാഗങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയില്‍ കൊടുങ്കാറ്റ് കനത്ത നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ നിന്നും 39,000ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.