എഴുത്തുകാരന്റെ പാസ്‌പോര്‍ട്ട്: കെ ജയകുമാര്‍

Posted on: November 11, 2013 8:24 pm | Last updated: November 11, 2013 at 8:24 pm

ഷാര്‍ജ: മറവിരോഗമായി പടരുന്ന കാലഘട്ടത്തില്‍ മറക്കാതിരിക്കാനുള്ള കഴിവാണ് എഴുത്തുകാരന്റെ പാസ്‌പോര്‍ട്ടെന്ന് കെ ജയകുമാര്‍. മനു റഹ്മാന്‍ എഴുതിയ മറക്കാന്‍വയ്യ പ്രശസ്തരുടെ ഓര്‍മകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചുറ്റും നടക്കുന്നതും അയാളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നതുമായ അനുഭവങ്ങളെ ഓര്‍ത്തെടുക്കുമ്പോഴാണ് സാഹിത്യസൃഷ്ടികള്‍ രൂപപ്പെടുന്നത്.

ഓര്‍മകളില്‍ നിന്നു നിര്‍മിച്ചെടുക്കുന്ന ശില്‍പങ്ങളാണ് വാസ്തവത്തില്‍ ഓരോ കൃതികളും. ഓര്‍മയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് സകലമാന സാഹിത്യ കൃതികളും എഴുതപ്പെട്ടിരിക്കുന്നത്. ഒരു വിദേശ രാജ്യത്ത് നമ്മുടെ ഭാഷ ആദരിക്കപ്പെടുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. മലയാളത്തെക്കുറിച്ച് ആശങ്കവളരുന്ന കാലഘട്ടത്തിലാണ് ഇതെല്ലാം സംഭവിക്കുന്നുവെന്നത് ഇരട്ടിമധുരമാവുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നു മലയാളം പടിയിറക്കപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഭാഷയെ മൂന്നാംകിടയായി പരിഗണിക്കുന്നുവെന്നത് വേദനിപ്പിക്കുന്നു. ഇതിനെല്ലാം ഇടയിലും ചില പ്രതീക്ഷയുടെ തുരുത്തുകള്‍ നമുക്ക് ചുറ്റും ഉയരുന്നുണ്ട്. കേരളത്തില്‍ നിന്നു ബഹുദൂരം സ്ഥിതി ചെയ്യുന്ന ഒരു നാട്ടില്‍ ഭാഷയെക്കുറിച്ച് അഭിമാനം കൊള്ളുവാനും പ്രതീക്ഷാനിര്‍ഭരമായി ചിന്തിക്കുവാനും സാധിക്കുന്നുവെന്നത് വലിയ കാര്യമാണ്.
മലയാള ഭാഷ പഠിച്ചാല്‍ ഉന്നതങ്ങളില്‍ എത്തില്ലെന്നുള്ളത് അന്ധവിശ്വാസമാണെന്ന് തെളിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാതൃഭാഷയിലേക്കുള്ള തിരിച്ചുവരവ് നടക്കുന്നു. പണ്ട് സര്‍വകലാശാലയില്‍ മലയാളത്തിന് കുട്ടികള്‍ കുറവ്, സീറ്റ് പാതിയും ഒഴിഞ്ഞു കിടക്കും. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നുവെന്നും ജയകുമാര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ബി എം സുഹ്‌റ പുസ്തകം ഏറ്റുവാങ്ങി. കെ കെ മൊയ്തീന്‍ കോയ പുസ്തക പരിചയം നടത്തി. ശരീഫ് കാരശ്ശേരി, ജലീല്‍ പട്ടാമ്പി, മനു റഹ്മാന്‍ സംസാരിച്ചു. വേദനിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചിലപ്പോള്‍ ഞെട്ടിക്കുകയും ചെയ്യുന്ന ഓര്‍മകളാണ് ഇതിലുള്ളത്. യു. എ. ഖാദര്‍, എന്‍. ഗോപാലകൃഷ്ണന്‍, കൃഷ്ണദാസ്, ഗുരു ചേമഞ്ചേരി കൂഞ്ഞിരാന്‍ നായര്‍, ഡോ. വി രാജാകൃഷ്ണന്‍, തിലന്‍, ജമാല്‍ കൊച്ചങ്ങാടി, വി പി ധനഞ്ജയന്‍, പി. പി. ശ്രീധരനുണ്ണി, കെ. സച്ചിദാനന്ദന്‍, എം.ജി.എസ് നാരായണന്‍, ജി.സുധാകരന്‍, ജസ്റ്റീസ് ഡി. ശ്രീദേവി, ഡി. വിനയചന്ദ്രന്‍, വിളയില്‍ ഫസീല, എം. എ. റഹ്മാന്‍, ഐ. എം. വിജയന്‍, പി. വല്‍സല തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലയിലും പെട്ടവരുടെ ഓര്‍മകള്‍ ഇതില്‍ വായിക്കാവുന്നതാണ്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
ഷാര്‍ജ: കവി അസ്‌മോ പുത്തന്‍ചിറയുടെ ചിരിക്കുരുതി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു. കവികളുടെ ആധിക്യത്താല്‍ നിറഞ്ഞു കവിയുന്ന ഇടമായി കേരളം മാറുമ്പോള്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി കവിതയുമായി പ്രവാസ ഭൂമിയില്‍ കഴിയുന്ന അസ്‌മോ ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണെന്നും. ഒരു യഥാര്‍ത്ഥ കവി ഹൃദയം ഉള്ളതിനാലാണ് ഇത്രയും കാലം അദ്ദേഹത്തില്‍ നിന്ന് ഇന്നും കവിത വരുന്നതെന്നും പ്രകാശനം നിര്‍വചിച്ച സിനിമാ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പറഞ്ഞു. യുവ കഥാകൃത്ത് അര്‍ഷാദ് ബത്തേരി പുസ്തകം ഏറ്റുവാങ്ങി. കെ കെ മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ് മാത്തൂര്‍ പുസ്തകം പരിജയപ്പെടുത്തി. ഫൈസല്‍ബാവ ആശംസാ പ്രസംഗം നടത്തി. അസ്‌മോ പുത്തന്‍ചിറ മറുപടി പ്രസംഗം നടത്തി.
ഷാര്‍ജ: അര്‍ഷാദ് ബത്തേരി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നവ്യാനുഭവം പങ്കിട്ടു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ നിന്ന് ഒരേട് വായിച്ചുകൊണ്ടാണ് ഗള്‍ഫിലെ വില്‍പനയ്ക്ക് തുടക്കം കുറിച്ചത്.
മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഏറെ ശ്രദ്ധേയമായ ചുരം കയറുകയാണ് ഇറങ്ങുകയാണ് എന്ന ലേഖനം കൂടാതെ ആകെ 14 അനുഭവക്കുറിപ്പുകളാണുള്ളത് പുസ്തകത്തിലുള്ളത്. ബാല്യ കൗമാര യൗവനകാലത്തെ ഹൃദയസ്പൃക്കായ ഓര്‍മകളാണ് അര്‍ഷാദ് പങ്കുവയ്ക്കുന്നത്.
ബാല്യത്തിന്റെ നിഷ്‌കളങ്കമായ കുന്നുകളുടെ മുകളില്‍വച്ച് പൊലിഞ്ഞുപോയ നട്ടുച്ചകളെക്കുറിച്ച് എഴുതാന്‍ മുതിര്‍ന്നപ്പോഴൊക്കെ കണ്ണുകള്‍ നിറഞ്ഞതായി അര്‍ഷാദ് ബത്തേരി പറഞ്ഞു. ബാല്യം നഷ്ടപ്പെട്ടതിനേക്കാള്‍ എത്രയോ വേദനാജനകമാണ് അതേക്കുറിച്ച് എഴുതുന്നത്. കാഴ്ചയുടെ ദൂരസഞ്ചാരങ്ങള്‍ പിന്നിട്ട ശേഷമുള്ള ഈ തിരിഞ്ഞുനോക്കലില്‍ ഒരു പിടയലുണ്ട്. എന്നാലും ഹൃദയത്തിന് കണ്ണുകള്‍ നല്‍കി ഓര്‍മയുടെ അഗാധമായ ഗര്‍ത്തങ്ങളില്‍ ഒരു പരതല്‍. നിറം കൊടുത്തും അല്ലാതെയും ഒരു പെറുക്കിവയ്ക്കല്‍.
മഴനനഞ്ഞ നോമ്പ്, ആദ്യവായനയുടെ കുന്നിന്‍പുറം, ഉമ്മയോളം വരില്ല ഒരു രുചിയും ഒരു പരീക്ഷയും പെണ്‍കുട്ടി, കൊച്ചുബാവ എന്ന കുതിര, ശ്രീനിവാസനും പിണ്ണാക്കും തുടങ്ങിയ പതിമൂന്ന് കുറിപ്പുകളാണ് സമാഹാരത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തമേളയില്‍ എഴുത്തുകാരനും ചലച്ചിത്ര നടനുമായ വി.കെ.ശ്രീരാമന്‍ റഫീഖ് മേമുണ്ടയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പുസ്തകം മാതൃഭൂമി സ്റ്റാളില്‍ ലഭ്യമാണ്.
മറക്കാതിരിക്കാനുള്ള കഴിവാണ്