Connect with us

Palakkad

പൊതുസമൂഹത്തിന് മാതൃകയായി സാമൂഹിക സുരക്ഷാ പദ്ധതികള്‍

Published

|

Last Updated

വടക്കഞ്ചേരി:പി കെ ബിജു എം പി പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ പൊതുസമൂഹത്തിന് മാതൃകയാകുന്നു. ഭിന്നശേഷിയുളളവര്‍ , അടിസ്ഥാന ജനവിഭാഗങ്ങള്‍ ശിശുക്കള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് സുരക്ഷയും, വികസനവും കൈവരിക്കാനുതകുന്ന വിധത്തില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ വികസനത്തിന് 5.04 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷിയുളളവര്‍ക്ക് ട്രൈസ്‌ക്കൂട്ടര്‍ വിതരണം ചെയ്യുന്നതിന് 20 ലക്ഷം രൂപ, ഗവ. അംഗീക്യത വ്യദ്ധസദനത്തിന് വാഹനം, അങ്കന്‍വാടികളുടെ നിര്‍മാണത്തിന് 65. 50 ലക്ഷം രൂപ, ഗ്രന്ഥശാല പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് 1. 03 കോടി രൂപ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കാണ് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എം പി തുകയനുവദിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗത്തിന് മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ ചികിത്സ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ത്യശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ കീമോ ഡേ കെയര്‍ സെന്റര്‍ നിര്‍മിക്കുന്നതിന് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എം പി 1 കോടി രൂപ അനുവദിച്ചിരുന്നു. ക്യാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കീമോ ഡേ കെയര്‍ സ്ഥാപിക്കുന്നതിന് എം പി മുന്‍കയ്യെടുത്തത്. ത്യശൂര്‍ ,പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുളള സാധാരണക്കായവര്‍ക്ക് ഏറെ പ്രയോജനകരമാണ് കീമോ ഡേ കെയര്‍ പദ്ധതി.
ഒരു കോടി രൂപയുപയോഗിച്ച് കീമോ ഡേ കെയര്‍ സെന്റര്‍ ആരംഭിക്കുകയെന്ന എം പിയുടെ ക്രിയാത്മക നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച അംഗീകാരമാണ് ത്യശൂര്‍ മെഡിക്കല്‍ കോളേജിനെ മിനി ആര്‍ സി സിയാക്കി ഉയര്‍ത്തുമെന്ന ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപനം. എം പിയുടെ നിര്‍ദേശ പ്രകാരം ചിറ്റൂര്‍ നഗരസഭയിലെ ആര്യമ്പളളം കോളനി സ്വയം പര്യാപ്ത ഗ്രാമമാക്കുന്നതിനായി ഒരുകോടി രൂപ പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിട്ടുണ്ട്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് മേഖലയില്‍ 18 കിലോ മീറ്ററോളം ഉള്ളിലുള്ള പൂപ്പാറ ആദിവാസി ഗ്രാമം വൈദ്യുതീകരിക്കുന്നതിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പതിനൊന്നാം പഞ്ചവത്സര പദ്ധതി അനുസരിച്ച് ഭിന്നശേഷിയുളളവരുടെ എണ്ണം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ ആറു ശതമാനം വരെയാണ.് അതുകൊണ്ട് തന്നെ ഭിന്നശേഷിയുളളവര്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഇവരോട് സൗഹ്യദം പുലര്‍ത്തുന്ന സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് ആവശ്യമാണെന്ന് എം പി പറയുന്നു. വാഹനം ഉപയോഗിക്കാന്‍ കഴിയുമെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ 20 പേര്‍ക്കാണ് ട്രൈസ്‌ക്കൂട്ടറുകള്‍ വിതരണം ചെയ്തത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല നല്‍കിയിരിക്കുന്നത്.
എം പി ഫണ്ടില്‍ നിന്നുളള ട്രൈസ്‌ക്കൂട്ടര്‍ വിതരണത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് പി കെ ബിജു എം പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.