കൊലക്കേസ് പ്രതി വീണ്ടുമെത്തി; പോലീസിനെ വെട്ടിച്ച് മുങ്ങി

Posted on: November 11, 2013 12:34 pm | Last updated: November 11, 2013 at 12:34 pm

തിരൂര്‍: പുല്ലൂരാലില്‍ പിതാവിനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സിദ്ദീഖ് വീണ്ടും തന്റെ നാടായ പറവണ്ണയില്‍ പ്രത്യക്ഷപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് ഇയാളെ കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയോടെയാണ് സിദ്ദീഖിനെ പറവണ്ണയിലെ വീടിന്റെ പരിസരത്ത് ഒളിച്ചിരിക്കുന്ന വിധം കണ്ടെത്തിയത്. ഇയാളെ കണ്ടതോടെ വിവരം നാട്ടില്‍ പാട്ടായി. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ട് മണിക്കൂറോളം നേരം പറവണ്ണയിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പുല്ലൂരാലിലെ പറമ്പില്‍ അബൂബക്കറിനെയും മകന്‍ ശംസുദ്ദീനെയും കുത്തിക്കൊലപ്പെടുത്തി കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് ഇയാള്‍ ഒളിവില്‍ പോയത്. അബൂബക്കറിന്റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ സിദ്ദീഖ് നിസാരമായ കുടുംബവഴക്കിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച കൊല നടത്തിയത്.
പറവണ്ണ സ്വദേശിയാണെങ്കിലും പുല്ലൂരാലില്‍ അബൂബക്കറും മറ്റ് സഹോദരന്‍മാരും നിര്‍മിച്ച് നല്‍കിയ വീട്ടിലായിരുന്നു സിദ്ദീഖും ഭാര്യയും കഴിഞ്ഞിരുന്നത്. രണ്ട് ദിവസം മുമ്പും സിദ്ദീഖ് പറവണ്ണയില്‍ എത്തിയിരുന്നു. കൊലക്കേസ് പ്രതിയെ പിടികൂടുന്നതിന് പോലീസ് വേണ്ടത്ര ജാഗ്രതകാണിക്കുന്നില്ലെന്നാരോപിച്ച് ആക്ഷന്‍കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രതി ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.