ഇന്ത്യയുമായുള്ള എണ്ണ സംഭരണ കരാറില്‍ നിന്ന് ശ്രീലങ്ക പിന്‍വാങ്ങി

Posted on: November 11, 2013 12:14 pm | Last updated: November 11, 2013 at 12:14 pm

കൊളംബോ/ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ഒപ്പു വെക്കേണ്ട നിര്‍ദിഷ്ട എണ്ണ സംഭരണ കരാറില്‍ നിന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി. കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതിന്റെയും യു എന്നില്‍ ശ്രീലങ്കക്കെതിരായി ഇന്ത്യ വോട്ട് ചെയ്തതിന്റെയും പശ്ചാത്തലത്തില്‍ ഈ പാന്‍വാങ്ങലിന് ഏറെ പ്രധാന്യമുണ്ട്.
ട്രിങ്കോമാലി എണ്ണ സംഭരണ യൂനിറ്റ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ശ്രീലങ്കന്‍ പതിപ്പായ ലങ്ക ഐ ഒ സിക്ക് 35 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കരാറില്‍ നിന്നാണ് രജപക്‌സേ സര്‍ക്കാര്‍ പിന്‍വാങ്ങിയിരിക്കുന്നത്. ദ്വീപ് രാഷ്ട്രത്തില്‍ ബിറ്റുമിന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതിയും അവസാന നിമിഷം തടഞ്ഞിട്ടുണ്ട്. സിലോണ്‍ പെട്രോളിയം സ്റ്റോറേജ് ടെര്‍മിനല്‍സ് ലിമിറ്റഡ് എന്ന ശ്രീലങ്കന്‍ പൊതു മേഖലാ കമ്പനിയുടെ മൂന്നില്‍ ഒന്ന് ഓഹരി ലങ്ക ഐ ഒ സി 2003ല്‍ വാങ്ങിയിരുന്നു.
ഇതേത്തുടര്‍ന്ന്, ഈ കമ്പനിയുടെ മാതൃ കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍( സി പി സി)യും ലങ്കാ ഐ ഒ സിയും ട്രിങ്കോമാലി സംഭരണ ടാങ്കുകളില്‍ 99 എണ്ണം പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറാണ് പാട്ടത്തുക നിശ്ചയിച്ചത്. പക്ഷേ, ധാരണാപത്രമനുസരിച്ചുള്ള പാട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വൈകിച്ച സര്‍ക്കാര്‍ ഇപ്പോള്‍ കളം മാറ്റിച്ചവിട്ടുകയാണ്. പൊതു സ്വത്ത് മറ്റൊരു രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നല്‍കുന്നത് ശരിയല്ലെന്നാണ് സര്‍ക്കാറിന്റെ പുതിയ നിലപാട്.
ധാരണാ പത്രം ഒപ്പുവെച്ചതിനെ തുടര്‍ന്ന് പുതിയ സംഭരണ സംവിധാനങ്ങള്‍ക്കായി ലങ്കാ ഐ ഒ സി ഒന്നര കോടിയോളം ഡോളര്‍ മുടക്കിയിട്ടുണ്ട്. ബിറ്റുമെന്‍ പ്ലാന്റ് സ്ഥാപിക്കാനായി 1.7 കോടി ഡോളര്‍ മുതല്‍ മുടക്കാനിരിക്കുകയായിരുന്നു. ഇതിനായി ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പാട്ടത്തിന് നല്‍കുന്ന കാര്യം തീരുമാനമാകട്ടെയെന്ന മറുപടിയാണ് ബി ഒ ഐ നല്‍കിയിട്ടുള്ളത്. പ്രോജക്ട് അപ്പടി മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കാന്‍ പെട്രോളിയം സെക്രട്ടറി വിവേക് റായി വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗിന് എഴുതിയിരിക്കുകയാണ്.