ആണവ പദ്ധതി: അവകാശം അടിയറവെക്കില്ലെന്ന് റൂഹാനി

Posted on: November 11, 2013 12:11 pm | Last updated: November 11, 2013 at 12:11 pm

ടെഹ്‌റാന്‍: ആണവ സമ്പുഷ്ടീകരണത്തിന് രാജ്യത്തിനുള്ള അവകാശം അടിയറവെക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനും ലോകശക്തികളും തമ്മില്‍ നടന്ന ആണവ ചര്‍ച്ചകള്‍ക്ക് ശേഷം റൂഹാനി നടത്തിയ ആദ്യ പ്രതികരണമാണിത്. ലോകശക്തികളുമായി ആണവ വിഷയം സംബന്ധിച്ച് നടത്തിയ യുക്തിപൂര്‍വവും നയപരവുമായ ചര്‍ച്ചകള്‍ ഉടമ്പടികളിലൊപ്പുവെക്കാതെ അവസാനിച്ചതായി റൂഹാനി പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയില്‍ ഏതെങ്കിലും ഭീഷണിക്കോ, ഉപരോധത്തിനോ വിവേചനത്തിനോ മറുപടി പറഞ്ഞിട്ടില്ല. ഒരു അധികാര കേന്ദ്രത്തിനു മുന്നിലും തലകുനിക്കാന്‍ ഇറാന്‍ തയ്യാറല്ലെന്നും ദേശീയ അസംബ്ലിയില്‍ റൂഹാനി പറഞ്ഞതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് മേലുള്ള ഉപരോധത്തില്‍ ഇളവ് വരുത്തേണ്ടതില്ലെന്ന ഫ്രാന്‍സിന്റെ നിലപാട് പുറത്ത് വന്ന് ഒരു ദിവസത്തിന് ശേഷണാണ് റൂഹാനി ഇങ്ങനെ പ്രതികരിച്ചത്. ദേശീയ താത്പര്യമെന്ന ചുവപ്പ് വര മറികടക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ആണവ സമ്പുഷ്ടീകരണമെന്ന അവകാശം ഇതില്‍ ഉള്‍പ്പെടുമെന്നും റൂഹാനി വ്യക്തമാക്കി.