കുരുമുളക് വില 50,000 രൂപയിലേക്ക് കുതിക്കുന്നു; റബ്ബര്‍ വില ഇടിഞ്ഞു

Posted on: November 11, 2013 12:03 pm | Last updated: November 11, 2013 at 12:03 pm

pepperകൊച്ചി: കര്‍ഷകരെ ആവേശത്തിലാക്കി കുരുമുളക് ഉത്പന്നത്തിന്റെ വില 50,000 ലേക്ക് അടുത്തു. ഉത്തരേന്ത്യ തണുത്തതോടെ ചുക്ക് വിപണി ചൂടു പിടിക്കുകയാണ്. നാളികേരോത്പന്നങ്ങള്‍ വീണ്ടും മുന്നേറി. ടയര്‍ വ്യവസായികള്‍ റബ്ബര്‍ വില ഇടിച്ചത് കര്‍ഷകര്‍ക്ക് തിരച്ചടിയായി. സ്വര്‍ണ വില വീണ്ടും താഴ്ന്നു.
ഇന്ത്യന്‍ വിപണിയില്‍ കുരുമുളക് വില 50,000 ത്തിലേക്ക് അടുത്തു. ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് ക്വിന്റലിന് 49,900 രൂപയിലാണ്. ഇന്ന് വിപണനം പുനരാരംഭിക്കുന്നതോടെ വിപണി പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തിയേക്കും. ഉത്തരേന്ത്യന്‍ വിപണികളില്‍ നിന്ന് കുരുമുളകിന് ഡിമാന്‍ഡ് ഏറി. വിദേശ വിപണികളില്‍ നിന്നും ആവശ്യക്കാരുണ്ട്. അതേസമയം , വിപണി കടുത്ത ചരക്കു ക്ഷാമത്തിന്റെ പിടിയിലാണ്. കാര്‍ഷിക മേഖലകളില്‍ നിന്ന് കൊച്ചി മാര്‍ക്കറ്റിേലക്കുള്ള കുരുമുളക് വരവ് നാമമാത്രമാണ്. വിദേശ അന്വേഷണങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഓര്‍ഡര്‍ പിടിച്ചാല്‍ തിരിച്ചടിനേരിടുമോയെന്ന ആശങ്കയിലാണ് കയറ്റുമതികാര്‍. ആഗോളവിപണിയില്‍ ഇന്ത്യന്‍ വില 8750 ഡോളറിന് മുകളിലാണ്.
ടയര്‍ ലോബി റബ്ബര്‍ വില വീണ്ടും ഇടിച്ചു. സീസണ്‍ ആയതിനാല്‍ കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളില്‍ ചരക്ക് വരവ് ഉയര്‍ന്നു. ഈ അവസരം മറയാക്കി വ്യവസായികള്‍ നിരക്ക് താഴ്ത്തിയാണ് ഷീറ്റ് വാങ്ങുന്നത്. 15,850 രൂപയില്‍ നിന്ന് ആര്‍ എസ് എസ് നാലാം ഗ്രേഡിന്റെ വില 15,600 ലേക്ക് ഇടിഞ്ഞു. ഷീറ്റിന്റെ വില ത്തകര്‍ച്ച സംസ്ഥാനത്തെ കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 14,700 ലേക്ക് അഞ്ചാം ഗ്രേഡ് റബ്ബര്‍ താഴ്ന്നു. തുടക്കത്തില്‍ വില 15,100 രൂപയായിരുന്നു. ചെറുകിട കര്‍ഷകരെ പിരിമുറുക്കത്തിലാക്കിയത് ലാറ്റക്‌സാണ്. 11,100 ല്‍ വിപണനം തുടങ്ങിയ ലാറ്റക്‌സ് ശനിയാഴ്ച 10,300 ലേക്ക് ഇടിഞ്ഞു.
നാളികേരോത്പന്നങ്ങളുടെ ലഭ്യത ചുരുങ്ങിയത് കൊപ്രയാട്ട് വ്യവസായികളെ അസ്വസ്ഥരാക്കി. വെളിച്ചെണ്ണക്ക് പ്രാദേശിക ഡിമാന്‍ഡ് ചുരുങ്ങി. അതേസമയം, ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ എണ്ണ വില മുന്നേറി. കൊച്ചിയില്‍ 9455 രൂപയില്‍ വ്യാപാരം തുടങ്ങിയ എണ്ണ വാരാന്ത്യം 9750 ലാണ്. വിപണിയില്‍ കൊപ്ര ക്ഷാമം രൂക്ഷം. 6700 രൂപയില്‍ തുടങ്ങിയ കൊപ്ര വ്യാപാരം വാരാന്ത്യം 6900 ല്‍ ചെന്ന് എത്തി. തണുപ്പ് കനത്തതോടെ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുക്കിനു ആവശ്യക്കാര്‍. കൊച്ചിയില്‍ ചുക്ക് സ്‌റ്റോക്ക് കുറവാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര ഡിമാന്‍ഡ് വിലക്കയറ്റത്തിനു വഴിതെളിച്ചു. 15,500-16,500ല്‍ വില്‍പ്പനക്ക് തുടക്കം കുറിച്ച ചുക്ക് വാരാന്ത്യം 16,000-17,000 ലാണ്. വൈകാതെ വിദേശ വ്യാപാര രംഗവും ചുടുപിടിക്കാം.
ആഭരണ വിപണികളില്‍ പവന് 22,320 രൂപയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം 22,240 ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം 22,520 രൂപയായി. വിനിമയ വിപണിയില്‍ രൂപക്ക് നേരിട്ട തളര്‍ച്ചയാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. അതേസമയം, വാരാവസാനം രാജ്യാന്തര വിപണിയില്‍ സ്വര്‍ണം തളര്‍ച്ചയിലേക്ക് നീങ്ങിയതിന്റെ ചുവടു പിടിച്ച് ശനിയാഴ്ച പവന്‍ 22,240 രൂപയായി കുറഞ്ഞു.
ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1315 ഡോളറില്‍ നിന്ന് 1327 വരെ കയറി. എന്നാല്‍ ഉയര്‍ന്ന റേഞ്ചില്‍ പിടിച്ചു നില്‍ക്കാന്‍ ക്ലേശിച്ചു. ഫണ്ടുകള്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദം മൂലം 1300 ലെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ട സ്വര്‍ണം 1289 ഡോളറായി.