Connect with us

Business

റെക്കോര്‍ഡുകള്‍ തിരുത്തിയ സൂചിക തളര്‍ച്ചയിലേക്ക് വഴുതി

Published

|

Last Updated

ബോംബെ ഓഹരി സൂചിക റെക്കോര്‍ഡുകള്‍ തിരുത്തി ക്കുറിച്ച ശേഷം തളര്‍ച്ചയിലേക്ക് വഴുതി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 21,321 വരെ കയറിയ ബി എസ് ഇ സൂചിക വാരാവസാനം 531 പോയന്റ് നഷ്ടത്തില്‍ 20,661 ലാണ്. നിഫ്റ്റി സൂചിക 6342 വരെ കയറിയ ശേഷം 177 പോയിന്റ് ഇടിവില്‍ 6140 ലാണ്. ബോംബെ സെന്‍സെക്‌സ് മൊത്തം ഇടിവ് 2.5 ശതമാനവും നിഫ്റ്റിയുടെ നഷ്ടം 2.8 ശതമാനവുമാണ്. തുടര്‍ച്ചയായ 24 ാം ദിവസവും വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപകരായി നിലകൊണ്ടു. പിന്നിട്ട രണ്ട് മാസത്തിനിടയില്‍ അവര്‍ 450 കോടി ഡോളറിന്റെ നിക്ഷേപം നടത്തി. പോയവാരം വിദേശ ഫണ്ടുകള്‍ 3000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. അതേ ആഭ്യന്തര ഫണ്ടുകള്‍ 2859 കോടി രൂപയുടെ വില്‍പ്പന നടത്തി. പിന്നിട്ട വാരം എസ് ബി ഐ ഓഹരി വില 7.5 ശതമാനം ഇടിഞ്ഞു. ഐ സി ഐ സി ഐ ബേങ്ക് 7.4 ശതമാനവും എച്ച് ഡി എഫ് സി 5.3 ശതമാനവും താഴ്ന്നു. ഭെല്‍ ഓഹരി വില 5.6 ശതമാനം കുറഞ്ഞു.
ഹിന്ദ്സ്ഥാന്‍ യുനിലിവര്‍, ഐ റ്റി സി ഓഹരികളും തളര്‍ച്ചയിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, മാരുതി, ഒ എന്‍ ജി സി തുടങ്ങിവക്കും തിരിച്ചടി. ഈ വാരം ഹിന്‍ഡാല്‍ക്കോ, സെയില്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സണ്‍ ഫാര്‍മ്മ, സിപ്ല, കോള്‍ ഇന്ത്യ, ബി പി സി എല്‍, ഒ എന്‍ ജി സി, ടാറ്റാ പവര്‍, എം ആന്‍ഡ് എം തുടങ്ങിയ ഭീമന്‍മാരുടെ രണ്ടാം ക്വാര്‍ട്ടറിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവരും. ഈ വാരവും ഇന്ത്യന്‍ മാര്‍ക്കറ്റ് നാല് ദിവസം മാത്രമേ പ്രവര്‍ത്തിക്കു. മുഹറം പ്രമാണിച്ച് വ്യാഴാഴ്ച വിപണിക്ക് അവധിയാണ്.
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഇന്ത്യയുടെ ഗ്രേഡിംഗില്‍ പോയവാരം മാറ്റം വരുത്തി. ഇതില്‍ പരിഭ്രാന്തരായ നിക്ഷേപര്‍ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു. എസ് ആന്‍ഡ് പി യുടെ നീക്കം ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയില്‍ സമ്മര്‍ദം ഉളവാക്കി. 61.50 നിന്ന് രൂപ വീണ്ടും 62.80ലേക്ക് ഇടിഞ്ഞു. രൂപയുടെ മുല്യം 65 ലേക്ക് വരും ആഴ്ചകളില്‍ ഇടിയാനുള്ള സാധ്യതയും നിനില്‍ക്കുന്നുണ്ട്. യുറോപ്യന്‍ കേന്ദ്ര ബേങ്ക് പലിശ നിരക്കില്‍ വരുത്തിയ മാറ്റം യുറോയുടെ മുല്യത്തെ തളര്‍ത്തിയത് യു എസ് ഡോളര്‍ നേട്ടമാക്കി. ഡോളറിന്റെ ഈ തിരിച്ചു വരവ് രൂപയിലും പിരിമുറുക്കം സഷ്ടിച്ചു.
യു എസ് മാര്‍ക്കറ്റിലേക്ക് തിരിഞ്ഞാല്‍ ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500 ഇന്‍ഡക്‌സുകള്‍ മികവിലാണ്. ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ ക്രൂഡ് ഓയില്‍ വീപ്പക്ക് 94.39 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 1289 ഡോളറിലുമാണ്.

Latest