Connect with us

National

ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കില്ല: ജയ്പാല്‍ റെഡ്ഢി

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്ര വിഭജനാനന്തരം ഹൈദരാബാദ് കേന്ദ്ര ഭരണപ്രദേശമായി മാറുകയില്ലെന്ന് കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി എസ് ജയ്പാല്‍ റെഡ്ഢി. അതേസമയം, െൈഹദരാബാദ് വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ഹൈദരാബാദിനെ കേന്ദ്ര ഭരണപ്രദേശമാക്കാന്‍ സീമാന്ധ്രയില്‍ നിന്നുള്ള ചിലര്‍ പാഴ്ശ്രമം നടത്തുന്നുണ്ട്. പക്ഷേ അതൊരിക്കലും സംഭവിക്കുകയില്ല. തെലങ്കാന എന്ന വലിയ വാഹനം ഉരുണ്ടുതുടങ്ങിക്കഴിഞ്ഞു. ഇനി ആരെങ്കിലും ഇതിന് മുന്നില്‍ വന്ന് തടസ്സം സൃഷ്ടിച്ചാല്‍ നഷ്ടം അവര്‍ക്കു തന്നെയാകും. സോണിയാ ഗാന്ധി തെലങ്കാന സംസ്ഥാനം വാഗ്ദാനം ചെയ്തു കഴിഞ്ഞതാണ്. വാഗ്ദാനത്തില്‍ നിന്ന് പിറകോട്ട് പോകുന്ന പരിപാടി അവര്‍ക്കില്ല. പാര്‍ട്ടിയുടെ കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി മുന്നോട്ടുവെച്ച പരിഹാര നിര്‍ദേശങ്ങള്‍ വ്യക്തമാണെന്നും ജയ്പാല്‍ റെഡ്ഢി അവകാശപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആന്ധ്ര വിഭജനത്തിന് എതിരായിരുന്നുവെന്ന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെ, ഇത്തരം വാദങ്ങള്‍ മുന്നോട്ടു വെക്കുന്നവര്‍ ചരിത്രം പഠിക്കണമെന്നും ഇന്ദിരാ ഗാന്ധി നിരസിച്ച പഞ്ചാബ് സംസ്ഥാനം ജവഹര്‍ലാല്‍ നെഹ്‌റു രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായിത്തീരുന്നില്ലെങ്കില്‍ പുതിയ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റ് കെ ചന്ദ്രശേഖര്‍ റാവു മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നാളെ ചന്ദ്രശേഖര്‍ റാവു ന്യൂഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഉള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

Latest