വാര്‍ത്തകളുടെ ആയുസ്സും മാധ്യമങ്ങളുടെ വെപ്രാളവും

Posted on: November 11, 2013 6:00 am | Last updated: November 10, 2013 at 11:45 pm

TELIVISIONആധുനിക യുഗത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും ഗുണകരമായി പ്രതിഫലിച്ച മേഖലയാണ് വാര്‍ത്താവിനിമയ രംഗമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനാല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് വന്‍ കിടമത്സരമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. ഇതുമൂലം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വാര്‍ത്തകള്‍ക്കും സംഭവങ്ങള്‍ക്കും അമിത പ്രാധാന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളും സംഭവങ്ങളും തത്സമയം ദൃശ്യസഹിതം ജനങ്ങളിലേക്കെത്തിക്കാന്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ കാണിക്കുന്ന വെപ്രാളവും പുറത്തുവരുന്ന വാര്‍ത്തകളുടെ ആയുസ്സും വെച്ചുനോക്കുമ്പോള്‍ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും ഗൗരവവും പരിശോധിക്കപ്പെടേണ്ടതുണ്ട്. വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കേണ്ടതിന് പകരം വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ നല്‍കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. മാധ്യമങ്ങള്‍ ഓരോ വാര്‍ത്തയേയും സമീപിക്കുന്ന രീതിയാണ് വാര്‍ത്തയുടെ ആയുസ്സും വാര്‍ത്തയുടെ ഫലയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ലഭിക്കുന്ന വാര്‍ത്തയുടെ വിശ്വാസ്യതയും യാഥാര്‍ഥ്യവും പരിശോധിച്ച് അവധാനതയോടെ അതിനെ സമീപിക്കുമ്പോള്‍ അത് തരുന്ന പ്രതികരണം ഏറെ ഗുണകരമാകും. എന്നാല്‍ വാര്‍ത്തകള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തയുടെ സത്യസന്ധതക്കും യാഥാര്‍ഥ്യത്തിനും മീതെ നിക്ഷിപ്ത താത്പര്യമുണ്ടാകുമ്പോള്‍ വാര്‍ത്തയുടെ പ്രതികരണത്തിനപ്പുറം ചാനലുകളുടെ വെപ്രാളം മാത്രം ബാക്കിയാകും. പുറത്തുവിടുന്ന വാര്‍ത്തയുടെ യഥാര്‍ഥ ലക്ഷ്യത്തിന് പിന്നാലെ പോകാതെ മറ്റു വാര്‍ത്തകളുടെ പിറകെ വെപ്രാളത്തോടെ ഓടേണ്ടിവരുന്നത് ഇതുകൊണ്ടാണ്. സാമൂഹിക പ്രതിബദ്ധതയുള്ളതും ജീവല്‍പ്രശ്‌നവുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ വാര്‍ത്തകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരന്റെയും അപ്രധാനമായ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിന്നാലെ ഓടുന്ന മലയാള ചാനല്‍ സമ്പ്രദായം നമുക്ക് പകര്‍ന്നു തരുന്ന സംസ്‌കാരത്തിന്റെ ദൂരവ്യാപക പ്രത്യാഘാതത്തെ മുന്‍കൂട്ടി കാണാന്‍ കഴിയണം. ഇല്ലെങ്കില്‍ അത് വന്‍ സാംസ്‌കാരിക ദുരത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല.

ആദ്യമെത്താനുള്ള മത്സരത്തിനിടയില്‍ നാടിന്റെ വാര്‍ത്താ സംസ്‌കാരത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന തരത്തിലാണ് പല മാധ്യമങ്ങളും വാര്‍ത്തകളെ സമീപിക്കുന്നത്. രാഷ്ട്രീയവും മതവും ജാതിയും വാര്‍ത്തകള്‍ക്ക് മാനദണ്ഡമാകുമ്പോള്‍ സത്യവും യാഥാര്‍ഥ്യവും വിസ്മരിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലുകളില്‍ നിറഞ്ഞുനിന്ന പൊതുവേദിയില്‍ ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ട സംഭവം ഒറ്റയടിക്ക് വിസ്മൃതിയിലാണ്ടത് ഇതിന്റെ ഉദാഹരണമാണ്. പുറത്തുവരുന്ന വാര്‍ത്ത തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുകയോ അനുകൂലമായ കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആ വാര്‍ത്തയുടെ കാതലാണ് വിസ്മരിക്കപ്പെടുന്നത്. ഒരേ സംഭവം തന്നെ പല ചാനലുകള്‍ അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സംപ്രേഷണം ചെയ്യുമ്പോള്‍ ഏതാണ് യഥാര്‍ഥ വാര്‍ത്തയെന്നത് പ്രേക്ഷകന് തിരിച്ചറിയാതാകുന്നു. ഈ സാഹചര്യത്തില്‍ യാഥാര്‍ഥ്യത്തിനപ്പുറം മാധ്യമങ്ങള്‍ പറയുന്നതാണ് വാര്‍ത്തയെന്ന നിലയില്‍ പ്രേക്ഷകന്റെ മനസ്സ് പാകപ്പെടുന്ന അപകടകരമായ അവസ്ഥ സംജാതമാകുന്നു. അപ്പോള്‍ യാഥാര്‍ഥ്യത്തേക്കാള്‍ ‘ബ്രേക്ക്’ ചെയ്യപ്പെടന്ന വാര്‍ത്തകള്‍ അപ്പടി വിശ്വസിക്കാന്‍ നിര്‍ബന്ധിതനാകുന്ന പ്രേക്ഷകന്‍ അവന്‍ തിരഞ്ഞെടുക്കുന്ന മാധ്യമം വരക്കുന്ന വൃത്തത്തിനകത്ത് അവന്റെ ചിന്തയെയും മനസ്സിനെയും ഒതുക്കിയിടാന്‍ നിര്‍ബന്ധിതനാകുന്നു. ഈ സാഹചര്യം വ്യക്തമായറിയുന്ന രാഷ്ട്രീയക്കാരും വ്യവസായികളും തത്പര കക്ഷികളും തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ വാര്‍ത്താമാധ്യമങ്ങളെ വിലക്കെടുക്കുന്ന പരിതാപകരമായ അവസ്ഥ സംജാതമാകുന്നു. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും എതിരാളികളെ ഒതുക്കാനും, മത, സാമൂഹിക സ്പര്‍ധ വളര്‍ത്തിക്കൊണ്ടുവരാനും ഇത്തരം വാര്‍ത്താ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്ന അവസ്ഥ നാട്ടിലെ സാമൂഹിക അന്തരീക്ഷത്തില്‍ വന്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളുടെയും തീവ്രവാദി അക്രമങ്ങളുടെയും പേരില്‍ പിടിക്കപ്പെടുന്നവരുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകളുടെയും കാര്യം ഇതുതന്നെയാണ്. ഇന്റലിജെന്‍സിന്റെയും പോലീസിന്റെയും പേരില്‍ ഉദ്ധരിക്കപ്പെടുന്ന മിക്ക വാര്‍ത്തകളുടെയും നിജസ്ഥിതി എന്താണെന്ന് വാര്‍ത്ത നല്‍കുന്നവരോ അത് കേള്‍ക്കുന്ന പ്രേക്ഷകനോ അന്വേഷിക്കാറില്ല. മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി വിഴുങ്ങുന്ന പ്രേക്ഷകന്‍ ഇതനുസരിച്ച് രൂപപ്പെടുത്തിയെടുക്കുന്ന തന്റെ മനോഭാവവും അതനുസരിച്ചുള്ള അഭിപ്രായങ്ങളും ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുമ്പോള്‍ നിരപരാധികളായ ഇരകളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. എന്നാല്‍ നല്‍കിയ വാര്‍ത്തകള്‍ പരമ അബദ്ധമാണെന്ന് ബോധ്യപ്പെട്ടാലും ഇത് തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യുന്ന പതിവില്ലാത്തതിനാല്‍ മാധ്യമങ്ങള്‍ പരുവപ്പെടുത്തിയെടുക്കുന്ന പ്രേക്ഷക മനസ്സുകള്‍ ആ അബദ്ധധാരണകളില്‍ തന്നെ കുടുങ്ങിക്കിടക്കും. വ്യാജ ഏറ്റുമുട്ടല്‍ കേസുകളും, സ്‌ഫോടനക്കേസുകളില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട ശേഷം നിരപരാധികളെന്ന് കോടതി വിധിച്ച സംഭവങ്ങളും ഇതിനുദാഹരണമാണ്. അതേസമയം, ഇത്തരം മാധ്യമങ്ങളെ ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളും പോലീസും വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ ഇതിന് ഇരയാകുന്നവരുടെ പൗരാവകാശത്തെ കുറിച്ച് മാധ്യമങ്ങളോ ഭരണകൂടങ്ങളോ കാര്യമായി ശ്രദ്ധിക്കാറില്ലെന്നതാണ് വസ്തുത. കേരളത്തില്‍ നേരത്തെ വിവാദമായ ചാരക്കേസ് ഇതിന്റെ ഒരു ഉദാഹരണമായിരുന്നു. ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറിയം റഷീദയുടെയും ഫൗസിയാ ഹസന്റെയും പേരില്‍ മലയാളത്തിലെ മുന്‍നിര പത്രങ്ങളില്‍ അച്ചടിച്ചുവന്ന അപസര്‍പ്പക കഥകള്‍ കേട്ട് കോരിത്തരിച്ചവരാണ് മലയാളികള്‍. മക്കളുടെ ചികിത്സാര്‍ഥം മാലദ്വീപില്‍ നിന്ന് കേരളത്തിലെത്തിയ പാവം വീട്ടമ്മമാരായ ഇവരെക്കുറിച്ച് മാലദ്വീപില്‍ നിന്നെന്ന് പറഞ്ഞ് നുണക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്ത പല മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ഇന്നും തലസ്ഥാനത്ത് വിവിധ പത്രങ്ങളുടെ മുഖ്യ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എന്നാല്‍ മാലദ്വീപില്‍ നിന്നെന്ന് പറഞ്ഞ് അവര്‍ റിപ്പോര്‍ട്ടുകള്‍ എഴുതിയത് കോവളത്തെ സ്വകാര്യ റിസോര്‍ട്ടുകളിലും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും താമസിച്ചാണെന്ന സത്യം വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ അറിയൂ.

ഇത് വ്യക്തമായി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മായാവലയത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയാത്ത പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇതുയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെയാണ് തകര്‍ക്കുക. പുറത്തുവരുന്ന വാര്‍ത്തകള്‍ സ്‌ക്രീനില്‍ നിലനില്‍ക്കുന്ന നേരത്തിന്റെ കണക്കും വാര്‍ത്തകളുടെ ഗൗരവം കുറക്കുകയാണ്. ഇതോടൊപ്പം വാര്‍ത്തകളുടെ വിശ്വാസ്യതയും യാഥാര്‍ഥ്യവും പരിശോധിക്കാതെ സെന്‍സേഷനു വേണ്ടി പേനയുന്തുകയും ക്യാമറ തിരിക്കുകയും ചെയ്യുന്നവര്‍ പാവനമായ മാധ്യമ സംസ്‌കാരത്തെയാണ് നശിപ്പിക്കുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല. ഇങ്ങനെ വന്നതോടെ വാര്‍ത്തകള്‍ ഞെട്ടിക്കുക എന്ന സംഭവം ഇല്ലാതായിരിക്കുകയാണ്. ഇതുവഴി എന്ത് ഭീകരമായ വാര്‍ത്ത വന്നാലും നിസ്സങ്കോചം അത് കേട്ടിരിക്കാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത് മനസ്സില്‍ നിന്ന് പാടെ മായ്ച്ച് കളയാനും സാധിക്കുന്ന തരത്തിലേക്ക് പ്രേക്ഷകന്‍ മാറി. എത്ര ഭീകരമായ അഴിമതികളിലും അധാര്‍മിക കാര്യങ്ങളിലുമേര്‍പ്പെടാന്‍ ഭരണാധികാരികള്‍ക്കും ധൈര്യം നല്‍കുന്നുവെന്നതാണ് ഈ അവസ്ഥയുടെ പരിണതി. തങ്ങളുടെ കൊള്ളരുതായ്മകള്‍ ഇത്തരം വാര്‍ത്താമാധ്യമങ്ങളെ ഉപയോഗിച്ച് മറച്ചു പിടിക്കാനാകുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ അവരെ സഹായിക്കാനും പിന്തുണക്കാനും വ്യവസായികളും ധനാഢ്യരും രംഗത്തുവരും. രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും ആശ്രയം എപ്പോഴും ആവശ്യമായ വ്യവസായികളും ധനാഢ്യരും ഇതിനായി എത്ര പണം വേണമെങ്കിലും ഒഴുക്കും. ഇരുവിഭാഗവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണല്ലോ. കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഈ അവസ്ഥ.
അടുത്ത കാലത്തായി പുറത്തുവന്ന ഓരോ വാര്‍ത്തയും തലനാരിഴ കീറി പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് വന്‍ നാണക്കേടുണ്ടാക്കിയ ടു ജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരിപ്പാടം അഴിമതി, ഒളിംപിക്‌സ് അഴിമതി അവസാനം പുറത്തുവന്ന സോളാര്‍ കേസ് തുടങ്ങിയവയുടെയെല്ലാം നിലവിലെ അവസ്ഥ പരമ ദയനീയമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുന്ന നിരവധി അഴിമതി കേസുകളില്‍ ആരോപണവിധേയരായവര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷയും സംരക്ഷണവും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. എന്ത് വാര്‍ത്ത കേട്ടാലും വിശ്വസിക്കാതിരിക്കാനും നിസ്സാരഭാവേന അത് തള്ളിക്കളയാനും പ്രേക്ഷകര്‍ പാകപ്പെട്ടത് ഇത്തരം കുറ്റവാളികള്‍ക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

[email protected]