മാവോയിസ്റ്റ് ഭീഷണി; കേരളത്തിന് ജാഗ്രതാ നിര്‍ദേശം

Posted on: November 11, 2013 6:00 am | Last updated: November 11, 2013 at 11:32 pm

maoistsതിരുവനന്തപുരം: കേരളത്തിലെ വനാന്തരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു നടക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സമീപ സംസ്ഥാനങ്ങളിലും ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിച്ച സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മാവോയിസ്റ്റുകള്‍ കടക്കാനുള്ള സാധ്യത രഹസ്യാന്വേഷണ വിഭാഗം മുന്നോട്ടുവെക്കുന്നു.

കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, ഒറീസ, ഹരിയാന സംസ്ഥാനങ്ങളിലേക്ക് മാവോയിസ്റ്റുകള്‍ കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രധാന നേതാക്കളും ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരും സുരക്ഷിത താവളങ്ങളിലേക്കു മാറിയിട്ടുണ്ടെന്നും അവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം.

ആദിവാസി മേഖലകളിലും മലയോരങ്ങളിലെ വനമേഖലകളിലും സ്ഥിരം സാന്നിധ്യം ഉറപ്പിച്ച മാവോയിസ്റ്റുകള്‍ക്കു പുറത്തു നിന്നുള്ള സഹായവും ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഐ ബി കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് സംഘടനകളുടെ കേന്ദ്ര നേതാക്കള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ സന്ദര്‍ശിക്കുകയും കമ്മിറ്റികള്‍ ചേരുകയും പതിവാക്കിയിട്ടുണ്ട്. പൊതു സമൂഹത്തിനിടയില്‍ മാവോയിസ്റ്റ് സംഘടനകളുടെ കേന്ദ്ര നേതാക്കള്‍ക്കു സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യ പരിശോധനകള്‍ നടത്തിയിരുന്നു. മുന്‍കാല നക്‌സല്‍ നേതാക്കള്‍ ഇടത് പാര്‍ട്ടികളില്‍ നിന്ന് പലപ്പോഴായി വിട്ടു പോയവര്‍, പുറത്താക്കപ്പെട്ടവര്‍ തുടങ്ങിയവരുടെ സഹായവും മാവോയിസ്റ്റുകള്‍ക്കു ലഭിക്കുന്നതായി സൂചനകള്‍ ലഭിച്ചിരുന്നു.