Connect with us

National

ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

Published

|

Last Updated

റായ്പൂര്‍: ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ക്കിടെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ്. ബസ്തര്‍, രാജ്‌നന്ദ്ഗാവ് എന്നിവിടങ്ങളിലെ പതിനെട്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെ നാല് മന്ത്രിമാരാണ് മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള ബസ്തര്‍ മേഖലയില്‍ നിന്ന് ജനവിധി തേടുന്നത്. പന്ത്രണ്ട് മണ്ഡലങ്ങളാണ് ബസ്തര്‍ മേഖലയിലുള്ളത്. ആറ് മണ്ഡലങ്ങളാണ് രാജ്‌നന്ദ്ഗാവ് ജില്ലയിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതിനഞ്ച് സീറ്റുകളാണ് ഇവിടെ നിന്ന് ബി ജെ പി സ്വന്തമാക്കിയത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും. സ്ഥാനാര്‍ഥികളില്‍ പത്ത് ശതമാനം പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും സി പി ഐയും ബി എസ് പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേനയും അര്‍ധ സൈനികരും ഉള്‍പ്പെടെ അറുനൂറ് കമ്പനി സേനയെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. തൊണ്ണൂറ് അംഗ ഛത്തീസ്ഗഢ് നിയമസഭയില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതിനിടെ, ബല്‍ദോന്‍ഗിരി ബൂത്തിന് സമീപം മാവോയിസ്റ്റുകള്‍ നടത്തിയ ഐ ഇ ഡി സ്‌ഫോടനത്തില്‍ ഐ ടി ബി പിയിലെ രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പ്രദേശത്ത് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. അതേസമയം, തെക്കന്‍ ബസ്തറിലെ മാവോയിസ്റ്റ് കമാന്‍ഡറായ ബ്ദറു പോലീസിന് കീഴടങ്ങിയിട്ടുണ്ട്.