മത്സര ഓട്ടം: ദുബൈ പോലീസ് വാഹനങ്ങള്‍ പിടികൂടി

Posted on: November 10, 2013 7:36 pm | Last updated: November 10, 2013 at 7:37 pm

dubai policeദുബൈ: മറ്റു വാഹനങ്ങള്‍ക്ക് അപകടം വരുത്തുന്ന തരത്തില്‍ മത്സര ഓട്ടം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തതായി ദുബൈ പോലീസ് വ്യക്തമാക്കി. വേഗം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെയായി വര്‍ധിപ്പിക്കാന്‍ നിയമവിരുദ്ധമായി വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയവയും പിടികൂടിയവയില്‍ ഉള്‍പ്പെടും. ചില വാഹനങ്ങളില്‍ നിലവിലെ ഇന്ധന ടാങ്കിന് പുറമെ പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

ഇത്തരം വാഹനങ്ങള്‍ ചെറിയ അപകടം സംഭവിക്കുമ്പോഴേക്കും വന്‍ ദുരന്തത്തിന് ഇടയാക്കുന്നവയാണെന്ന് പോലീസ് അഭിപ്രായപ്പെട്ടു. പല പ്രദേശങ്ങളില്‍ നിന്നും ഇത്തരം വാഹനങ്ങള്‍ മറ്റുള്ളവക്ക് ഭീഷണിയാവുന്നതായും സൈര്യജീവിതത്തിന് ഭീഷണിയാവുന്നതായും പരാതി ലഭിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ പോലീസ് കുതിച്ചെത്തി കൈയോടെ പിടികൂടിയ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. മാറ്റം വരുത്തിയ വാഹനങ്ങള്‍ റോഡിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതായി ദുബൈ പോലീസിന്റെ ഓപറേഷന്‍സ് റൂമില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ റോഡില്‍ മത്സരഓട്ടം നടത്തുന്നതായും പരാതികളില്‍ വ്യക്തമാക്കിയിരുന്നു.

അല്‍ വര്‍ഖ, ട്രിപോളി, യൂണിവേഴ്‌സിറ്റി തുടങ്ങിയ റോഡുകളില്‍ നിന്നും ഒപ്പം അല്‍ ഖവനീജ്, അല്‍ മിഴാര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇത്തരം വാഹനങ്ങള്‍ ദുബൈ പോലീസിന്റെ ജനറല്‍ ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സപോര്‍ട്ട് പട്രോള്‍സിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. പലരും പോലീസ് സാന്നിധ്യം ബോധ്യപ്പെട്ടതോടെ വാഹനം ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു ഒരു ജീപ്പ് അല്‍ വര്‍ഖയിലെ അല്‍ അവീര്‍ റോഡില്‍ പോലീസ് കണ്ടെത്തിയത്. എന്നാല്‍ വാഹനം അമിതവേഗത്തില്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. പോലീസിനെ വെട്ടിച്ച് ട്രിപോളി റോഡില്‍ കയറി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കും പിന്നീട് യുണിവേഴ്‌സിറ്റി, അല്‍ അവീര്‍ എന്നീ റോഡിലേക്കും കയറിയ വാഹനം അല്‍ വര്‍ഖ റൗണ്ട് എബൗട്ടില്‍ എത്തുകയായിരുന്നു. രണ്ടു മണിക്കൂറോളം പിന്തുടര്‍ന്ന പോലീസിന് വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയതായി ബോധ്യപ്പെട്ടിരുന്നു. പോലീസ് പിന്തുടരുന്നത് ബോധ്യപ്പെട്ടതോടെ അമിത വേഗത്തില്‍ വാഹനം ഓടിച്ച് രക്ഷ്‌പ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് എയര്‍ ബാഗ് തുറന്നുപോയതോടെ മുഖത്ത് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് വാഹനത്തിന് എതിരായ ദിശയില്‍ വാഹനം ഓടിക്കവേയായിരുന്നു ഈ അപകടം.

ഒടുവില്‍ പോലീസ്, വാഹനത്തെ പിടികൂടുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്ത പോലീസിനോട് ഇതൊന്നും അത്രകാര്യമാക്കാനില്ലെന്നായിരുന്നു യുവാവായ ഡ്രൈവരുടെ പ്രതികരണം. വാഹനം പരിശോധിച്ച പോലീസിന് അനധികൃതമായി പരിഷ്‌കരണങ്ങള്‍ നടത്തിയതായും ബോധ്യപ്പെട്ടു. ഈ വാഹനത്തില്‍ മാറ്റംവരുത്തിയ എഞ്ചിനും ഘടിപ്പിച്ചിരുന്നു. ഇതിനെ വാഹനത്തിന് അകത്ത് ഘടിപ്പിച്ച ഇന്ധന ടാങ്കുമായി ബന്ധിപ്പിച്ചിരുന്നു.

അബുദാബിയില്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ റഡാറില്‍
കുടുങ്ങിയത് 2,494 നിയമലംഘകര്‍

അബുദാബി: നഗരത്തിനകത്തും പുറത്തുമായി ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥാപിച്ച റഡാറുകളില്‍ നിരവധി പേര്‍ കുടുങ്ങി. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ മാത്രം 2,494 നിയമലംഘനങ്ങളാണ് റഡാറില്‍ പതിഞ്ഞത്. നിയമലംഘനങ്ങളില്‍ അധികവും നിശ്ചിത ട്രാക്കുകള്‍ ഉപയോഗിക്കാതെ വാഹനമോടിച്ചതാണ്. സിഗ്നലുകളും നിര്‍ദേശങ്ങളും പാലിക്കാത്തതും ഷോള്‍ഡര്‍ ലൈനിലൂടെ മറികടക്കുന്നതും ഇവയില്‍ ഉല്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിനകത്തും പുറത്തും 24 മണിക്കൂറും നടന്നുകൊണ്ടിരിക്കുന്ന ട്രാഫിക് വിഭാഗത്തിന്റെ കര്‍ശന പരിശോധനകള്‍ക്കു പുറമെയാണ് റഡാറുകളുടെ നിയമലംഘന വേട്ട. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിരത്തുകളുള്ള നഗരമായി അബുദാബിയിലെ മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകളെന്ന് അബുദാബി ട്രാഫിക് വിഭാഗം തലവന്‍ പറഞ്ഞു.