Connect with us

Malappuram

വികസന പദ്ധതികള്‍ക്ക് ഊരുകൂട്ടത്തിന്റെ അംഗീകാരം

Published

|

Last Updated

നിലമ്പൂര്‍: പട്ടിക വര്‍ഗ്ഗ കോളനി നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപയുടെ വികസന പദ്ധതിക്ക് ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം ആദിവാസി കോളനി ഊരുകൂട്ടത്തിന്റെ അംഗീകാരം.
ഊരുകൂട്ടം പി കെ ബശീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് 20 ആദിവാസി കോളനികളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഏറനാട് മണ്ഡലത്തില്‍ പെരുവമ്പാടം കോളനിയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.
കോളനി നിവാസികളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി വീട്, കുടിവെള്ളം, ടോയിലെറ്റ്, വീട് റിപ്പെയര്‍, കോളനി റോഡ്, കമ്മ്യൂണിറ്റി സെന്റര്‍, സ്വയം തൊഴില്‍ പദ്ധതി, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, അംഗനവാടി മോഡി കൂട്ടല്‍ എന്നിവക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
പദ്ധതിക്ക് പുറമെ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം അനുവദിക്കും. 25 സെന്റിനും ഒരേക്കറിനുമിടയില്‍ വാസയോഗ്യവും കൃഷിയോഗ്യവുമായ സ്ഥലം കണ്ടെത്തി കോളനി നിവാസികള്‍ വിവരം അറിയിച്ചാല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് പി കെ ബശീര്‍ പറഞ്ഞു.
ഊരൂകൂട്ടത്തില്‍ കാലപ്പഴക്കം ചെന്ന വീടുകള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കുക, രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കുക, മുഴുവന്‍ കുടുംബങ്ങള്‍ക്കും, സ്വന്തമായി ടോയിലെറ്റ് എന്നീ ആവശ്യങ്ങളാണ് ഊരൂകൂട്ടത്തില്‍ ഉയര്‍ന്നത്.
കോളനിയില്‍ വീടു നിര്‍മ്മിക്കുമ്പോള്‍ അത് കോളനി നിവാസികളെ കൊണ്ട് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഈ ആവശ്യം തത്വത്തില്‍ അംഗീകരിച്ചു. കോളനി മൂപ്പന്‍ നായിക്കന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, വാര്‍ഡംഗം ബെന്നി കൊടുങ്കയം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ റശീദലി, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജസിമോള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

 

Latest