മോഡിക്ക് ഇന്ത്യയുടെ രക്ഷാകനാകാന്‍ കഴിയില്ല: ചെന്നിത്തല

Posted on: November 10, 2013 10:02 am | Last updated: November 10, 2013 at 10:02 am

ദോഹ: മതേതര ഭാരതത്തില്‍ മോഡിയുടെ വികസന സങ്കല്‍പ്പം ഒരു നിലക്കും അനുയോജ്യമല്ലെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ചില മാധ്യമങ്ങളും തല്‍പര കക്ഷികളും നരേന്ദ്രമോഡിയെ വലുതാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ചിലര്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം പറഞ്ഞു പെരുപ്പിച്ച് നടക്കുകയാണ്. മതേതരത്വം മൂല്യമായി കാണുന്ന ഇന്ത്യയില്‍ മോഡിയെ പോലുള്ള ഒരാളുടെ വികസനസങ്കല്‍പ്പം വിലപ്പോകുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണെന്നും മോഡിയെ പോലെ ഒരാള്‍ക്ക് ഇന്ത്യയുടെ രക്ഷകനാകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പത്മശ്രീ സി കെ മേനോന് ഇന്‍കാസ് ഏര്‍പ്പെടുത്തിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതാഖാത് നിയമം കാരണം ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന സൗദിയിലെ മലയാളികളുടെ പുനരധിവാസത്തിനായി കേന്ദ്ര ഗവണ്‍മെന്റ് 100 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് അധ്യക്ഷത വഹിച്ചു. കെ പി സി സി വൈസ്പ്രസിഡന്റും വക്താവുമായ എം എം ഹസന്‍, വി ഡി സതീശന്‍ എം എല്‍ എ, മുന്‍ മന്ത്രി ബാബു ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.