വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കുന്നു

Posted on: November 10, 2013 9:57 am | Last updated: November 10, 2013 at 9:57 am

ദോഹ: രാജ്യത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും ഉറപ്പാക്കുന്നതിന് കേന്ദ്രം വരുന്നു. തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കുകയും അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യാന്‍ സൗകര്യപ്പെടും വിധമുള്ള പുതിയ കേന്ദ്രം ഖത്തര്‍ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുക. തൊഴിലാളികളെ അവരുടെ അവകാശങ്ങളെ കുറിച്ച് യഥാവിധി ബോധവാന്മാരാക്കുകയാണ് ഈ പ്രത്യേക കേന്ദ്രം വഴി അധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മറ്റി അറിയിച്ചു. അതിന്റെ ഭാഗമായി ലേബര്‍ പരിശോധകരുടെ എണ്ണം വര്‍ധിപ്പിക്കുകയും തൊഴിലിടങ്ങളില്‍ പരിശോധന ശക്തമാക്കുകയും ചെയ്യും.തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് മുതല്‍ തൊഴിലാളി ചൂഷണവും ആരംഭിക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റിന് മുമ്പായി അവരെ ബോധവല്‍ക്കരിക്കാനും പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അറബി ഇംഗ്ലീഷ് ഭാഷകളില്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു ഖത്തറിലും വിദേശങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.