Connect with us

Kerala

നിരവധി പേര്‍ക്ക് എല്‍ ഡി സി പരീക്ഷ എഴുതാനായില്ല

Published

|

Last Updated

തിരുവനന്തപുരം: രണ്ട് ജില്ലകളില്‍ ഇന്നലെ നടന്ന എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും പരീക്ഷണമായി. ചോദ്യം പൊതുവെ എളുപ്പമായിരുന്നെങ്കിലും നടപടിക്രമങ്ങളിലെ പാളിച്ചകളും ഗതാഗതക്കുരുക്കും ഉദ്യോഗാര്‍ഥികളെ വലച്ചു. 1.30ന് മുമ്പ് പരീക്ഷാ ഹാളിലെത്തണമെന്ന് പി എസ് സി ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്ക് പലരുടെയും അവസരം നഷ്ടപ്പെടുത്തി. ഹാള്‍ ടിക്കറ്റിലെ അവ്യക്തത മൂലവും പലര്‍ക്കും പരീക്ഷ എഴുതാനാകാതെ നിരാശരായി മടങ്ങേണ്ടി വന്നു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലെ പരീക്ഷയാണ് ഇന്നലെ നടന്നത്. മൊത്തം 2.64 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കാണ് ഗതാഗതക്കുരുക്ക് ദുരിതമായി മാറിയത്.
ഹാള്‍ ടിക്കറ്റില്‍ നല്‍കിയ സ്ഥലപ്പേരിലെ അവ്യക്തതയാണ് പലര്‍ക്കും വിനയായത്. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശത്തിന്റെ അതേ പേരില്‍ മറ്റു ജില്ലകളിലുള്ള സ്ഥലങ്ങളിലാണ് പലര്‍ക്കും പരീക്ഷാ കേന്ദ്രം നിശ്ചയിച്ചിരുന്നത്. എന്നാല്‍, തിരുവനന്തപുരം ജില്ലയിലെ സ്ഥലം തന്നെയാണെന്ന് തെറ്റിദ്ധരിച്ച് പലരും ഇവിടങ്ങളില്‍ പരീക്ഷ എഴുതാനെത്തി. ഹാള്‍ടിക്കറ്റില്‍ ബാര്‍ കോഡ് വ്യക്തമാകാത്തവരെയും പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല.
എല്‍ ഡി ക്ലര്‍ക്ക് നിയമനത്തിനായി നടത്തിയ ആദ്യ പരീക്ഷ 85 ശതമാനം ഉദ്യോഗാര്‍ഥികളും എഴുതിയതായി പി എസ് സി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നുള്ള വിശദാംശങ്ങള്‍ ലഭിക്കാത്തതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല. തിരുവനന്തപുരം പട്ടം പി എസ് സി ആസ്ഥാനത്ത് ഗര്‍ഭിണികളായ 150 പേര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ബാര്‍ കോഡും പി എസ് സി മുദ്രയുമില്ലാതെയും തീയതിയില്ലാത്ത ഫോട്ടോ രേഖപ്പെടുത്തിയതുമായ ഹാള്‍ ടിക്കറ്റുമായെത്തിയവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് പി എസ് സി അറിയിച്ചു.
ഒന്നരക്കുശേഷം ഹാളിലെത്തുന്നവരെ പരീക്ഷ എഴുതാനനുവദിക്കില്ലെന്ന് പി എസ് സി നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിനാല്‍, അഞ്ച് മിനിറ്റ് പോലും വൈകി എത്തിയവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ആറ്റിങ്ങല്‍ മേഖലയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ആറ്റിങ്ങലില്‍ റോഡുപണി നടക്കുന്നതിനാല്‍ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്. ഈ മേഖലയില്‍ പരീക്ഷയുണ്ടായിരുന്ന നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ് കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്താന്‍ കഴിയാതെ പോയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ താമസിച്ചെത്തിയ ഉദ്യോഗാര്‍ഥികളും ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍, ഇവരെയാരെയും പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ 2,14,889 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. ഇത്രയും പേരെ തിരുവനന്തപുരത്ത് മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും പരീക്ഷ നടത്തി. തിരുവനന്തപുരത്തെ ഉദ്യോഗാര്‍ഥികള്‍ക്കായി അന്യ ജില്ലകളിലടക്കം 876 പരീക്ഷാ കേന്ദ്രങ്ങളാണ് പി എസ് സി ഒരുക്കിയിരുന്നത്. അന്യ ജില്ലകളില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തിയിരുന്നു. ഉദ്യോഗാര്‍ഥികളുടെ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.