Connect with us

National

കര്‍ണാടകയില്‍ ബി ജെ പി എം എല്‍ എക്കെതിരെ ബലാത്സംഗ കേസ്‌

Published

|

Last Updated

ബംഗളൂരു: ബി ജെ പി. എം എല്‍ എയും മുന്‍മന്ത്രിയുമായ ഡി എന്‍ ജീവരാജിനെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തു. 2010 മെയ് മാസമാണ് കേസിന് കാരണമായ സംഭവം. ചിക്കമഗളൂര്‍ ജില്ലയിലെ എന്‍ ആര്‍ പുര പോലീസാണ് കേസെടുത്തത്.
കര്‍ണാടക നിയമസഭയില്‍ ശൃംഗേരി മണ്ഡലത്തെ മൂന്ന് തവണ പ്രതിനിധാനം ചെയ്ത ജീവരാജും രണ്ട് പ്രാദേശിക ബി ജെ പി നേതാക്കളുമാണ് തന്നെ കേസകി ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി എം എല്‍ എയുടെ ഫാം ഹൗസില്‍ വെച്ച് ബലാത്സംഗം ചെയ്തതെന്ന് യുവതി ആരോപിക്കുന്നു. ഈ വിവരം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അക്രമികള്‍ ഭീഷണി മുഴക്കിയതായി യുവതി പറഞ്ഞു. ജീവഭയം കാരണമാണ് ഇത്രയുംനാള്‍ വിവരം പുറത്തു പറയാതിരുന്നത്.
എന്‍ ആര്‍ പുര ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ ജി നാഗരാജ്, മുന്‍ പ്രസിഡന്റ് ബി ആര്‍ ആശിഷ്‌കുമാര്‍ എന്നിവരാണ് ജീവരാജിനൊപ്പം ബലാത്സംഗം ചെയ്തതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ ശേഷം സംഭവം നടന്ന സ്ഥലം പരിശോധന നടത്തിയായിരിക്കും കേസില്‍ കൂടുതല്‍ നടപടി സ്വീകരിക്കുകയെന്ന് ചിക്കമഗളൂര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് ഗോയല്‍ പറഞ്ഞു. ജഗദീഷ് ഷെട്ടര്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു ജീവരാജ്. നേരത്തെ നിയമസഭയിലെ ചീഫ് വിപ്പ് ആയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു പറ്റം രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തുകയാണെന്ന് വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി.

Latest