Connect with us

Gulf

ഇവര്‍ എഴുത്തിന്റെ മാതൃകകള്‍

Published

|

Last Updated

“മികച്ച രചനകള്‍ക്ക് എളുപ്പവഴിയില്ല”-സര്‍ ജഫ്‌റി ആര്‍ച്ചര്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി എത്തിയ നോവലിസ്റ്റ്, വളര്‍ന്നുവരുന്ന എഴുത്തുകാരോട് പുസ്തകരചനയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
“എല്ലാ ഭാരങ്ങളും ഇറക്കിവെക്കുക; നിരന്തരം എഴുതുക. ഞാന്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്വന്തം കൈപ്പടയില്‍ രചന നിര്‍വഹിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ മാര്‍ഗം സ്വീകരിക്കാം. പക്ഷേ, അലസതയോടെ, ആകരുത്. വാക്കുകളും ആശയങ്ങളും മനസിന്റെ ആഴങ്ങളില്‍ നിന്നു വരണം”-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് വായനക്കാരെ നേടിയെടുത്ത ജഫ്‌റി ആര്‍ച്ചര്‍ ചൂണ്ടിക്കാട്ടുന്നു.
ജഫ്‌റി ആര്‍ച്ചറുടെ യാത്രാ പഥങ്ങള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. 1940ല്‍ ലണ്ടനില്‍ ജനനം. സ്‌കോളര്‍ഷിപ്പോടുകൂടി വിദ്യാഭ്യാസം. പ്രശസ്തനാകണമെന്ന് ആഗ്രഹിച്ച്, രാഷ്ട്രീയത്തില്‍. പാര്‍ലിമെന്റംഗം വരെ ആയെങ്കിലും അഴിമതി ആരോപണത്തിന്റെ ചെളിക്കുണ്ടില്‍ വീണു. അദ്ദേഹത്തിന്റെ സമ്പത്ത് കണ്ടുകെട്ടാന്‍ കോടതി വിധിച്ചു. ജയിലിലുമായി. അപ്പോഴെല്ലാം എഴുത്ത് തുടര്‍ന്നു. 1976ല്‍ “നോട്ട് എ പെന്നിമോര്‍, നോട്ട് എ പെന്നിലെസ്” നോവല്‍ പിറന്നു. ആരും ശ്രദ്ധിച്ചില്ല. ആദ്യം ആയിരം കോപ്പിയാണ് അച്ചടിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ, മികച്ച 15 പുസ്തകങ്ങളില്‍ ഇടംപിടിക്കുമെന്നാണ് കരുതിയത്. നിരാശനായിരിക്കുമ്പോള്‍ ടെലിവിഷന്‍ അഭിമുഖം തരപ്പെട്ടു. അവതാരകന്‍ ജോണി കാര്‍സന്‍ പറഞ്ഞു: ജഫ്‌റി ആര്‍ച്ചറുടെ കൃതി മികച്ചതാണ്. ആറ് കോടി പ്രേക്ഷകര്‍ അന്ന് “ടുനൈറ്റ് ഷോ” എന്ന പരിപാടിക്കുണ്ട്. അവരിലേക്ക് സന്ദേശം എത്തി.
ഇന്ന് 25 കോടി പുസ്തകങ്ങള്‍ വിറ്റുപോയിട്ടുണ്ട്. പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അമേരിക്കയിലും ബ്രിട്ടനിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ നീണ്ടനിര കാണാനാകും.
ഓരോ എഴുത്തുകാരനും വായനക്കാരനെ തേടിക്കൊണ്ടിരിക്കും. പുസ്തകമേളകള്‍, എഴുത്തുകാരന് അനുഗ്രഹമാകുന്നത് അതുകൊണ്ടാണ്. തന്റെ കൃതി കൂടുതല്‍ ആളുകളിലെത്തണമെന്ന് ആഗ്രഹിച്ചാണ് പുതിയ എഴുത്തുകാര്‍, പ്രശസ്തരുടെ മഹാസാഗരത്തിലെ ഒരു തുള്ളിയാകാന്‍ ശ്രമിക്കുന്നത്. ഗള്‍ഫിലെ മലയാളീ എഴുത്തുകാര്‍ക്ക് അത് ക്ഷിപ്രസാധ്യമല്ല. കേരളത്തിലാണ് പ്രസാധകര്‍. ഒരു “കൈയെഴുത്തു പ്രതി” മുഖ്യധാരാ പ്രസാധകന് അയച്ചുകൊടുത്താല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവര്‍ അച്ചടിക്കുക. പുതുതായി രംഗത്തെത്തുന്നവരെ, പ്രസാധകര്‍ കണ്ടില്ലെന്ന് നടിക്കും. ജഫ്‌റി ആര്‍ച്ചര്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്.
ആടുജീവിതം എഴുതിയ, ബെന്യാമിനും സമാന ദുരവസ്ഥ ഉണ്ടായി. ആടുജീവിതം പ്രസിദ്ധീകരിക്കാന്‍ മുഖ്യധാരാ പ്രസാധകര്‍ തയാറായിരുന്നില്ല. ബെന്യാമിന്‍ അന്ന് പ്രശസ്തനല്ലായിരുന്നു. കൃതിയുടെ ഉള്ളടക്കം ഗംഭീരമാണെന്ന് ബോധ്യപ്പെടുത്തുക എളുപ്പമല്ല. പല പ്രസാധകരും വായിച്ചുനോക്കാതെ തന്നെ മാറ്റിവെക്കും. നാട്ടിലുള്ള എഴുത്തുകാരനാണെങ്കില്‍, പ്രസാധകനെ ഇടക്കിടെ ചെന്ന് കണ്ട്, രചനയുടെ മഹത്വം കൂടെക്കൂടെ പറഞ്ഞ് ശല്യപ്പെടുത്തും. ചില പ്രസാധകര്‍, മനസില്ലാ മനസോടെ പ്രസിദ്ധീകരിക്കാന്‍ തയാറാകും.
ബെന്യാമിന്‍, അടക്കം പലരും എഴുത്തിത്തുടങ്ങിയത്, പത്രങ്ങളുടെ ഗള്‍ഫ് ഫീച്ചറുകളിലാണ്. പത്രങ്ങള്‍ക്ക് അന്ന് ഗള്‍ഫ് എഡിഷന്‍ ആയിട്ടില്ല. എല്ലാ വെള്ളായാഴ്ചയും നാട്ടില്‍ നിന്ന് നാല് പേജ്, ഗള്‍ഫ് ഫീച്ചര്‍ സപ്ലിമെന്റ് മാത്രമേയുള്ളൂ. ഗള്‍ഫിലുള്ള യശഃപ്രാര്‍ഥികള്‍, കഥകളോ കവിതകളോ ഫീച്ചറുകളോ ഓഫീസുകളിലേക്ക് അയച്ചുകൊടുക്കും. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അത് വെളിച്ചം കാണും.
അന്ന് സുറാബ്, ബെന്യാമിന്‍, സത്യന്‍ മാടാക്കര, കെ യു ഇഖ്ബാല്‍, ഉസ്മാന്‍ ഇരുമ്പഴി തുടങ്ങിയവര്‍ ഗള്‍ഫ് ഫീച്ചറുകളെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ, ഇവരില്‍ പലരെയും നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കാരണം, ഗള്‍ഫ് ഫീച്ചര്‍ നാട്ടില്‍ ഇറങ്ങാറില്ല.
ഇതിനിടയില്‍, ഗള്‍ഫ് ഫീച്ചറുകളെ അവഗണിച്ചവരുമുണ്ടായിരുന്നു. കൊച്ചുബാവ, അക്കൂട്ടത്തിലൊരാളാണ്. കൊച്ചുബാവ, ഷാര്‍ജയിലെത്തുന്നതിന് മുമ്പ് തന്നെ, കഥാകാരനായി നാട്ടില്‍ പേരെടുത്തിരുന്നു.
ഇന്ന്, മാറ്റമുണ്ട്. ഗള്‍ഫിലെ എഴുത്തുകാരുടെ സൃഷ്ടികള്‍ നാട്ടുകാര്‍ക്കും വായിക്കാന്‍ സൗകര്യമുണ്ട്. ധാരാളം പുസ്തകങ്ങള്‍ ഗള്‍ഫുകാരുടേതായി ഇറങ്ങുന്നു. ഇത്തവണത്തെ ഷാര്‍ജ പുസ്തകോത്സവത്തില്‍ നിരവധി കൃതികളാണ് പ്രകാശനം ചെയ്യപ്പെട്ടത്. സുറാബ്, പി പി ശശീന്ദ്രന്‍, സഹീറാ തങ്ങള്‍, സര്‍ജു ചാത്തന്നൂര്‍, ഷാബു കിളിത്തട്ടില്‍, റഫീഖ് മേമുണ്ട, സാദിഖ് കാവില്‍, സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, മമ്മൂട്ടി കട്ടയാട്, ബൈജു തുടങ്ങിയവരുടെ പുതിയ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. നാട്ടിലും ഇവ വായനക്കാരുടെ കൈകളിലുണ്ട്.
പുസ്തക രചന എളുപ്പമല്ല. അത് കാലാതിവര്‍ത്തിയാകണമെങ്കില്‍ യത്‌നം അതിലും കഠിനമായിരിക്കും. ജഫ്‌റി ആര്‍ച്ചറുടെ ഉപദേശം ഇവിടെയും പ്രസക്തം. “ഒരു കൈയെഴുത്ത് പ്രതിയെ മാറ്റിയെഴുതാനിരിക്കൂ. നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും”.
ഒറ്റയിരിപ്പിന് കഥയെഴുതി പത്രാധിപര്‍ക്ക് അയച്ചുകൊടുക്കുന്നവരാണ് പലരും. അതിന്റെ പണിക്കറ തീര്‍ക്കാന്‍ പത്രാധിപര്‍ക്ക് നേരം കാണില്ല. സ്വാഭാവികമായും സൃഷ്ടി അഗണ്യ കോടിയില്‍ പതിയും. പുതിയ അനുഭവങ്ങള്‍ തന്നെയാണ് വായനക്കാരനു വേണ്ടത്. അമേരിക്കയിലും ഇന്ത്യയിലും പ്രശസ്തനായ ജുംപ ലാഹിരി, തന്റെ ഉള്ളിലെ പ്രവാസിയുടെ ഓരോ നിമിഷത്തെയും കഥയാക്കി മാറ്റുന്നു. അമേരിക്കയിലെത്തിയ ഒരു ഇന്ത്യക്കാരിയുടെ സ്വത്വപ്രതിസന്ധിയാണ് മിക്ക കഥകളിലെയും വിഷയം. വ്യാധികളുടെ വ്യാഖ്യാതാവ് (ഇന്റര്‍പ്രട്ടര്‍ ഓഫ് മാലഡീസ്) എന്ന ആദ്യ കഥാസമാഹാരം തന്നെ ശ്രദ്ധിക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ കുടുംബിനിയായി എത്തിപ്പെട്ട ഒരു സാധാരണക്കാരിയുടെ വേവലാതികള്‍, അടുക്കള ജോലിയുടെ ഒഴിവുവേളകളില്‍ കുത്തിക്കുറിച്ചാണ് അവര്‍ പ്രശസ്തയായത്. അവരുടെ പുതിയ നോവല്‍ “ദി ലോലാന്റ്” വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. അമേരിക്കയിലെത്തിയ ഗൗരി എന്ന വിദ്യാര്‍ഥിനി ബംഗാളിലെ നക്‌സല്‍ ബാരി പ്രസ്ഥാനത്തെ വിശകലനം ചെയ്യുന്നതാണ് ഉള്ളടക്കം.
ഷാര്‍ജയിലെ സുറാബിന്റെ നോവല്‍, നീ പോകുന്നിടം, ആത്മകഥാംശമുള്ള നോവലാണ്. നവീനമായ കഥാപരിസരം ഒരു പക്ഷേ, കേരളത്തിലെ വായനക്കാരെയും ആകര്‍ഷിച്ചേക്കാം.
പ്രസാധകര്‍, മുന്‍വിധി വെടിയണമെന്നാണ് രത്‌നച്ചുരുക്കം. മലയാളത്തില്‍, ഇന്നിറങ്ങുന്ന ശരാശരി പുസ്തകങ്ങളെ താരതമ്യം ചെയ്യുമ്പോള്‍, ഗള്‍ഫിലെ പുതിയ എഴുത്തുകാര്‍ പോലും അതിനെക്കാള്‍ മികച്ച രചന നടത്തുന്നു. ഷാര്‍ജ രാജ്യാന്തര പുസ്തകമേള, അതിന് പകല്‍ പോലുള്ള തെളിവാണ്

---- facebook comment plugin here -----

Latest