ട്രോമാകെയര്‍ കാഷ്വാലിറ്റി ബ്ലോക്കും മെറ്റേണിറ്റി വാര്‍ഡും ഉദ്ഘാടനം ഇന്ന്‌

Posted on: November 9, 2013 7:55 am | Last updated: November 9, 2013 at 7:55 am

കല്‍പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ട്രോമാകെയര്‍ കാഷ്യാലിറ്റി ബ്ലോക്കും മെറ്റേണിറ്റി വാര്‍ഡ് ഉദ്ഘാടനവും ഇന്ന് നടക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി പത്രസമ്മേളനത്തില്‍ അറിയിച്ചു. മെറ്റേണിറ്റി വാര്‍ഡിന്റെ ഉദ്ഘാടനം മന്ത്രി പി കെ ജയലക്ഷ്മിയും ട്രോമാകെയര്‍ കാഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും നിര്‍വ്വഹിക്കും. ചടങ്ങില്‍ ഡയാലിസിസ് ചെയ്യുന്ന കിഡ്‌നി രോഗികള്‍ക്കായി രൂപീകരിച്ച കനിവ് കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഫണ്ട് ശേഖരണം കുടുംബശ്രീയില്‍ നിന്നും 10 ലക്ഷം രൂപ സ്വീകരിച്ച് മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. നാനൂറോളം പേരാണ് ഇതുവരെ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2009ല്‍ ഭരണനവീകരണഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച ട്രോമാകെയര്‍ കാഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണച്ചിലവ് ഒരു കോടി ഒന്നരലക്ഷം രൂപയാണ്. മെറ്റേണിറ്റി വാര്‍ഡിന് ചിലവായ തുക 1.26 കോടി രൂപയാണ്. ആര്‍ എസ് വി വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി 51 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചിലവിട്ടത്. വയറിംഗിന് മാത്രമായി 15 ലക്ഷം രൂപയും ചിലവിട്ടിട്ടുണ്ട്. രണ്ടാംഘട്ട നിര്‍മ്മാണപ്രവൃത്തിയെന്ന രീതിയില്‍ റാമ്പ് നിര്‍മ്മിക്കുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 80 കിടക്കകളുള്ള മെറ്റേണിറ്റി വാര്‍ഡാണ് പുതിയതായി നിര്‍മ്മിച്ചിട്ടുള്ളത്.
നിലവില്‍ 30 കിടക്കകളുള്ള വാര്‍ഡില്‍ നിന്നും ഉദ്ഘാടനശേഷം രോഗികളെ പുതിയ വാര്‍ഡിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഉഷാവിജയന്‍, മേരി തോമസ്, പ്രകാശ് ചോമാടി, വി കെ തങ്കമ്മ, ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.