Connect with us

Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല: മാധവ് ഗാഡ്ഗില്‍

Published

|

Last Updated

തൃശൂര്‍:പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് താന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കേട്ടില്ലെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. മണപ്പുറം ഗ്രൂപ്പ് സ്ഥാപകന്‍ വി സി പത്മനാഭന്റെ സ്മരണാര്‍ഥം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള വി സി പത്മനാഭന്‍ സ്മാരക അവാര്‍ഡ് സ്വീകരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണം ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. എന്നാല്‍ ഇത് അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിഗംഗന്‍ കമ്മീഷനെ നിയോഗിക്കുകയാണ് ചെയ്തത്. അതത് പ്രദേശത്തെ പരിസ്ഥിതി നയം രൂപവത്കരിക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാറും കസ്തൂരിഗംഗന്‍ കമ്മിറ്റിയും പറയുന്നതെന്ന് ഗാഡ്ഗില്‍ പരിഹസിച്ചു.
എ സി കാറുകളില്‍ സഞ്ചരിക്കുകയും ശീതീകരിച്ച ബംഗ്ലാവുകളില്‍ താമസിക്കുകയും ചെയ്യുന്ന മന്ത്രാലയങ്ങളിലുള്ളവര്‍ക്ക് പരിസ്ഥിതി വെല്ലുവിളികള്‍ നേരിടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാനസ്സിലാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങിയതാണ് അവാര്‍ഡ്. മേയര്‍ ഐ പി പോള്‍ അധ്യക്ഷത വഹിച്ചു.

Latest