Connect with us

National

സുപ്രീം കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐയുടെ രൂപവത്കരണം ഭരണഘടനാവിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് നിയമ മന്ത്രി കപില്‍ സിബല്‍. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പോലീസ് വിഭാഗത്തിന്റെ രൂപവത്കരണം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സാധ്യമല്ലെന്നും അതിന് നിയമനിര്‍മാണ സഭയില്‍ നിയമം പാസ്സാക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതിയുടെ വിധി. 1963ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് സി ബി ഐ രൂപവത്കരിച്ചത്. അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന വി വിശ്വനാഥനാണ് പ്രമേയത്തില്‍ ഒപ്പ് വെച്ചത്. ഇതിന് നിയമസാധുതയില്ലെന്ന് ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹ്മദ് അന്‍സാരി, ഇന്ദിരാ ഷാ എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതായും വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. വിധി പരിശോധിച്ചു വരികയാണെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിധി സുപ്രീം കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കേസില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര പറഞ്ഞു. ദീപാവലി അവധിക്ക് ശേഷം ഓഫീസുകള്‍ തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വിധിയുടെ പശ്ചാത്തലത്തില്‍ 2 ജി സ്‌പെക്ട്രം, സിഖ് വംശഹത്യ എന്നീ കേസുകളുടെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ഇരുകേസുകളിലും ഉള്‍പ്പെട്ട കുറ്റാരോപിതര്‍ ആവശ്യപ്പെട്ടു.

Latest