Connect with us

Gulf

പുസ്തകമേള പുരസ്‌കാര ജേതാക്കള്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ പലരും അറബ് ലോകത്തെ പ്രശസ്തര്‍.
കുട്ടികള്‍ക്കുള്ള മികച്ച രാജ്യാന്തര പുസ്തകത്തിന് പുരസ്‌കാരം നേടിയത്, ആല്‍ബര്‍ട്ട് വിറ്റ്മാന്‍ ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ച “എനിക്ക് പ്രയാസം വരുമ്പോള്‍” (വെന്‍ ഐ ഫീല്‍ വറീഡ്) എന്ന പുസ്തകമാണ്. ഇത് രചിച്ചിരിക്കുന്നത് കോണീല മൗഡ് സ്‌പെല്‍മാന്‍. ഇവരുടെ കൃതികള്‍ക്ക് അറബ് ലോകത്ത് വന്‍ സ്വീകാര്യതയുണ്ട്. മുന്‍ സാമൂഹിക പ്രവര്‍ത്തകയും ചിത്രകാരിയുമാണിവര്‍. പ്രയാസം നേരിടുമ്പോള്‍ കുട്ടികള്‍ക്ക് എങ്ങിനെ തരണം ചെയ്യാന്‍ കഴിയുമെന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഞാന്‍ ചിന്തിക്കുന്ന വിധം എന്ന പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ പുസ്തകമാണിത്.
വാണിജ്യം, സാമ്പത്തികശാസ്ത്രം എന്നീ മേഖലയിലെ മികച്ച പുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടത്, യു എ ഇയിലെ ഖലഫ് അല്‍ ഹബ്തൂറിന്റെ ആത്മകഥയാണ്. ലോകത്തിലെ ധനികരിലൊരാളായ ഹബ്തൂറിന്റെ ജീവിതവിജയം രേഖപ്പെടുത്തുന്ന പുസ്തകമാണിത്. ദുബൈയിലെ മോട്ടിവേറ്റാണ് പ്രസാധകര്‍.
മികച്ച രാജ്യാന്തര നോവലായി തിരഞ്ഞെടുക്കപ്പെട്ടത് ദാര്‍ അല്‍ സാഖി പ്രസിദ്ധീകരിച്ച, ഗബ്രിയേല്‍ ജിബാഡ് മോസിയുടെ വോക്‌സ് ഹോള്‍. ലണ്ടനില്‍ ജനിച്ച, ഐറിഷ്-നൈജീരിയന്‍ കവിയായ ഗബ്രിയേലിന്റെ പ്രഥമ നോവലാണിത്.
മികച്ച അറബി നോവലായി തിരഞ്ഞെടുക്കപ്പെട്ടത് ഫലസ്ഥീന്‍ എഴുത്തുകാരനായ, മുഹമ്മദ് മുഹീബ് ജാബിറിന്റെ “6000 മൈല്‍” എന്ന പുസ്തകമാണ്. 1976 മുതല്‍ ഇദ്ദേഹം യു എ ഇയിലുണ്ട്. അഭയാര്‍ഥികളാക്കപ്പെടുന്ന ഫലസ്ഥീനികളുടെ അനുഭവങ്ങളാണ് ഉള്ളടക്കം.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെക്കുറിച്ചുള്ള ഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തിന് ഗ്രഹീം വില്‍സണ്‍ പുരസ്‌കാരം നേടി. ശൈഖ് സായിദിന്റെ ജീവചരിത്രമാണ് ഉള്ളടക്കം. ഗ്രഹീം യു എ ഇയില്‍ താമസിക്കുന്നു. യു എ ഇയെ കുറിച്ച് മികച്ച ഇമാറാത്തി പുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടത് ഹലീമ അബ്ദുല്ല റാശിദ് അല്‍ സായിഗിന്റെ “പരമ്പരാഗത വാളുകളുടെ നിര്‍മാണം” എന്ന പുസ്തകം. കൊല്ലപ്പണിക്കാരനായിരുന്ന അബ്ദുര്‍റഹ്മാന്‍ അല്‍ ശില്ലിയുടെ പേരക്കുട്ടിയാണ് ഹലീമ.
മികച്ച ഇമാറാത്തി അക്കാദമിക് പുസ്തകത്തിനുള്ള പുരസ്‌കാരം മൈത്ത മാജിദ് സഈദ് മുഹമ്മദ് അല്‍ ശംസിക്ക്. ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ, നാടക രചനകളെക്കുറിച്ചുള്ള നിരൂപണമാണ് ഉള്ളടക്കം. മികച്ച ഇമാറാത്തി സര്‍ഗാത്മക എഴുത്തുകാരനായി അലി അബു അല്‍റീശ് തിരഞ്ഞെടുക്കപ്പെട്ടു. റാസല്‍ഖൈമ സ്വദേശിയായ ഇവരുടെ “വ്യത്യസ്തയായ സ്ത്രീ” എന്ന നോവലിനാണ് പുരസ്‌കാരം അലി ഇത്തിഹാദ് പത്രത്തില്‍ ജോലി ചെയ്യുന്നു.
മികച്ച രാജ്യാന്തര പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സ് നേടി. മികച്ച അറബ് പ്രസാധകര്‍ സെന്റര്‍ ഫോര്‍ അറബ് യൂനിറ്റി സ്റ്റഡീസാണ്. പ്രാദേശിക പുരസ്‌കാരത്തിന് അബുദാബി നാഷനല്‍ ലൈബ്രറി തിരഞ്ഞെടുക്കപ്പെട്ടു. 2013 ലെ സാംസ്‌കാരിക വ്യക്തിത്വ പുരസ്‌കാരം ഈജിപ്തിലെ ഫാറൂഖ് അബ്ദുല്‍ അസീസ് ഹുസ്‌നിക്കാണ്. മുന്‍ ഈജിപ്ഷ്യന്‍ സാംസ്‌കാരിക മന്ത്രിയാണ് ഇദ്ദേഹം.

---- facebook comment plugin here -----

Latest