Connect with us

Kasargod

ചെങ്കല്‍ സമരം: ചര്‍ച്ച വീണ്ടും അലസി

Published

|

Last Updated

ചെറുവത്തൂര്‍: ഒരു മാസക്കാലത്തിലേറെയായി ചെങ്കല്‍ വിതരണമേഖലയില്‍ നിലനിന്നിരുന്ന സമരം ഒത്തുതീര്‍പ്പാക്കാനായി ഇന്നലെ നടന്ന ചര്‍ച്ചയും അലസി. ആവശ്യപ്പെട്ട വിലവര്‍ധനയില്‍ നിന്ന് ലോറി ഉടമകള്‍ പിന്നോട്ടില്ലെന്ന തീരുമാനമെടുത്തതോടെയാണ് പ്രശ്‌നത്തിന് പരിഹാരമാകാതിരുന്നത്.
ഇന്നലെ വൈകീട്ട് കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് പ്രശ്‌നപരിഹാരം നീണ്ടത്. പ്രശനങ്ങള്‍ തീരണമെങ്കില്‍ കല്ലൊന്നിനു നിലവിലുള്ള വിലയില്‍ ആറു രൂപ നിരക്കില്‍ വര്‍ധിപ്പിക്കണമെന്ന ലോറി ഉടമകള്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്മാറാത്തതാണ് ചര്‍ച്ച അലസാന്‍ കാരണം. ഇനി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും കാര്യങ്ങള്‍ വിശകലനം ചെയ്ത് ഒരു തീരുമാനത്തിലെത്താമെന്ന ധാരണയോടെ ഉപഭോക്തൃസമിതിയും ലോറി ഉടമകളും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ച പിരിഞ്ഞു.
നിര്‍മാണമേഖല സ്തംഭിക്കുന്ന വിധത്തിലുണ്ടായ ലോറി ഉടമകളുടെ സമരം ആരംഭിച്ചിട്ട് മാസം ഒന്നുകഴിഞ്ഞു. നിലവിലുള്ള വിലയില്‍ കല്ലൊന്നിന് ആറു രൂപയുടെ വര്‍ധനയാണ് ലോറി ഉടമകള്‍ ആവശ്യപ്പെടുന്നത്. ഇതുപ്രകാരം തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ ആയിരം കഷണം ഒന്നാം നമ്പര്‍ കല്ലിന് 26000 രൂപയാണ് ലോറി ഉടമകള്‍ ആവശ്യപ്പെടുന്നത്. ഇതേ രീതിയില്‍ രണ്ടാം നമ്പര്‍ കല്ലിന്റെ വില 24000 രൂപയാണ്. എന്നാല്‍ ഈ വില നല്‍കാന്‍ തയ്യാറല്ലെന്ന ഉപഭോകൃത സംഘടനകളുടെ പിന്തുണയോടെ ജനങ്ങള്‍ പ്രഖ്യാപിച്ചതോടെ ചെങ്കല്‍ മേഖലയില്‍ പ്രശ്‌നം ഉരുണ്ടുകൂടി. ചര്‍ച്ചയില്‍ കല്ലൊന്നിനു അമ്പതു പൈസകൂടി കൂട്ടി നല്‍കാമെന്ന് ഉപഭോക്തൃസമിതി അറിയിച്ചെങ്കിലും ലോറി ഉടമകള്‍ അംഗീകരിച്ചില്ല.
ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കാര്‍ത്യായനി, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സത്താര്‍ വടക്കുമ്പാട്, ഉപഭോക്തൃ സമിതി നേതാക്കളായ എന്‍ കെ ഹമീദ് ഹാജി, എം അബ്ദുസ്സലാം, മാമുനി വിജയന്‍, വി വി ഉത്തമന്‍, ഉസ്മാന്‍ പാണ്ട്യാല, ലോറി ഓണേര്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.