വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കാന്‍ രക്ഷക് പദ്ധതി

Posted on: November 8, 2013 8:27 am | Last updated: November 8, 2013 at 8:27 am

പാലക്കാട്: സ്‌കൂളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞ് പോകുന്ന വിദ്യാര്‍ഥികളെ തിരികെ വിദ്യാഭ്യാസത്തിലേക്ക് കൊണ്ട് വരുന്നതിനായി രക്ഷക് പദ്ധതി. പോലീസ് വനിതാ സെല്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ഓയിസ്‌ക ഇന്റര്‍നാഷനല്‍ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ പാലക്കാട് നഗരത്തിലെ സ്്കൂളിലും രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാക്കും. പ്രധാനധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ത്ത് കൊഴിഞ്ഞ് പോയ കുട്ടികളുടെ വിവരം ശേഖരിക്കും. പഠനം തുടരാനാകാത്ത കുട്ടികളെ കണ്ടെത്തി കൗണ്‍സിലിംഗും നടത്തും.
ഇതിനായി എല്ലാ മാസത്തിലും ആദ്യ- അവസാന വെള്ളിയാഴ്ചകളില്‍ പാലക്കാട് വനിതാ സെല്ലില്‍ കൗണ്‍സിലിംഗ് സൗകര്യമൊരുക്കും. സാമ്പത്തിക പ്രശ്്‌നങ്ങളാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി പഠനം ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് സാമ്പത്തിക ക്ലേശത്തിന് പരിഹാരം കാണാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തും. പത്രസമ്മേളനത്തില്‍ വനിതാ സെല്‍ ഡി വൈ എസ് പി മുഹമ്മദ് കാസിം, ഓയിസ്‌ക ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് പ്രൊഫ ലതാനായര്‍, കണ്‍വീനര്‍ രഘുനാഥ് പാറക്കല്‍ പങ്കെടുത്തു.