Connect with us

Kozhikode

സ്വന്തം കുട്ടിയെ നേര്‍വഴി നയിക്കാന്‍ കൊയിലാണ്ടി നഗരസഭയുടെ 'മാതൃവഴി'

Published

|

Last Updated

കോഴിക്കോട്: രക്ഷിതാക്കളെ ലക്ഷ്യം വെച്ച് കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി പ്രസിദ്ധീകരിച്ച അമ്മമാര്‍ക്കുളള കൈപ്പുസ്തകം മാതൃവഴി ശ്രദ്ധേയമാകുന്നു.
കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ധാരണ നേടുകയും ഈ ഘട്ടങ്ങള്‍ തന്റെ കുട്ടിയുടെ ജീവിതത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി രക്ഷിതാക്കളെ പ്രത്യേകിച്ച് അമ്മമാരെ തയ്യാറാക്കുകയുമാണ് പുസ്തകത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ – സാമൂഹിക മേഖലയില്‍ ശ്രദ്ധേയരായ കെ ടി രാധാകൃഷ്ണന്‍, ടി കെ രുഗ്മാംഗദന്‍, ആര്‍ കെ ദീപ, ടി കെ വത്സലകുമാരി, കെ പ്രമോദന്‍ എന്നിവര്‍ പങ്കെടുത്ത രചനാ ശില്‍പ്പശാലയില്‍ നിന്ന് രൂപപ്പെട്ടതാണ് മാതൃവഴി. വീട്, വിദ്യാലയം, സമൂഹം, ആദ്യ അറിവ് ജീവിതത്തെക്കുറിച്ച് ആവട്ടെ, കൗമാരത്തെ വരവേല്‍ക്കാം ആഹഌദത്തോടെ, ലഹരി വസ്തുക്കളുടെ പ്രലോഭനം – ജീവിത നൈപുണികള്‍, മാനസികാരോഗ്യം നിലനിര്‍ത്താനുളള മാര്‍ഗങ്ങള്‍ – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ എന്നിങ്ങനെ ഏഴ് ഭാഗങ്ങള്‍ പുസ്തകത്തിലുണ്ട്.
വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച കൊയിലാണ്ടി നഗരസഭയുടെ വേറിട്ട പ്രവര്‍ത്തനമാണ് മാതൃവഴി. പൊതുവിദ്യാഭ്യാസ പരീക്ഷാ കമ്മീഷണര്‍ കെ വി വിനോദ്ബാബു പുസ്തകം പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ ടി കെ ചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. കെ ടി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സമിതി അധ്യക്ഷ കെ പി ഷീജ, കൗണ്‍സിലര്‍ പി രത്‌നവല്ലി, എ ഇ ഒ ജവഹര്‍ മനോഹര്‍, ബി പി ഒ കെ പ്രേമചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ കെ നാരായണന്‍ പ്രസംഗിച്ചു.

 

Latest