വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്: സരിതയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി

Posted on: November 8, 2013 7:20 am | Last updated: November 8, 2013 at 8:20 am

തിരൂര്‍: സ്വന്തം പേരില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മിച്ചതിന് കുറ്റിപ്പുറം പൊലീസെടുത്ത കേസില്‍ സരിത എസ് നായരെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഇന്നലെ രാവിലെ സരിതയെ പൊലീസ് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വൈകുന്നേരം വരെ കുറ്റിപ്പുറം പൊലീസിന് കസ്റ്റഡിയില്‍ നല്‍കിയ സരിതയെ വൈകീട്ട് റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു.
സോളാര്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖയായാണ് ഈ ലൈസന്‍സ് ഉപയോഗിച്ചത്. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ബാദുഷയാണ് ലൈസന്‍സ് നിര്‍മിച്ചു നല്‍കിയതെന്ന് കണ്ടെത്തിയതോടെ കേസ് കുറ്റിപ്പുറം പൊലീസിന് കൈമാറി.
കേസില്‍ മൂന്നാം പ്രതിയാണ് സരിത എസ് നായര്‍. ഒന്നാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി മണി മോന്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
ചാലക്കുടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ മാസം 26ന് പൊലീസ് സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്റ്് അനുസരിച്ചാണ് ഇന്നലെ സരിതയെ കൊണ്ടുവന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ ബാദുശയെ ഇനിയും പിടിക്കാനായിട്ടില്ല.