ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വിളക്കുകള്‍ അണയുന്നു

Posted on: November 7, 2013 8:07 am | Last updated: November 7, 2013 at 8:07 am

പാലക്കാട്: നഗരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടക്കുന്നു. ഒലവക്കോട്, സ്റ്റേഡിയം സ്റ്റാന്റ്, കോട്ടമൈതാനം, ഐ എം എ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വിളക്കുകളാണ് ഓരോന്നായി കണ്ണടച്ച്‌കൊണ്ടിരിക്കുന്നത്.
കെ എസ് ഇ ബിയില്‍ പരാതി പറഞ്ഞാല്‍ നഗരസഭക്കാണ് ഉത്തരവാദിത്വമെന്ന് പറഞ്ഞ് കൈയൊഴിയുകയാണെന്നും പരാതിയുണ്ട്. പഴയ മെര്‍ക്കുറി ലാമ്പുകള്‍ മാറ്റി സോഡിയം വേപ്പര്‍ ലാമ്പുകള്‍ സ്ഥാപിച്ചെങ്കിലും ഇതും മിക്കതും പ്രവര്‍ത്തനരഹിതമാണ്. നഗരസഭയുടെ ഫണ്ടില്‍ നിന്നും 50 ലക്ഷത്തോളം രൂപ തെരുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി വകയിരുത്തിയിട്ടുണ്ടെങ്കിലും ജോലിക്കാരെ കിട്ടാത്തതാണ് വിളക്ക് കത്തുന്നതിന് തടസ്സം നില്‍ക്കുന്നതെന്ന് പറയുന്നു.
സ്റ്റേഡിയം സ്റ്റാന്റില്‍ ഹൈമാസ്റ്റിന്റെ വെളിച്ചക്കുറവ് യാത്രക്കാരെയും വാഹനങ്ങളെയും ദുരിതത്തിലാക്കുന്നു. സമീപത്ത് സ്വകാര്യ ബാറുള്ളതിനാല്‍ സന്ധ്യയായാല്‍ മദ്യപന്മാരുടെയും മറ്റും ശല്യമേറെയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയും സംസ്ഥാന സ്‌കൂള്‍ കലോത്സവവുമടക്കം ഇനി നിരവധി വേദികള്‍ക്കു സാക്ഷ്യം വഹിക്കേണ്ട സ്റ്റേഡിയം സ്റ്റാന്റിലെ ഹൈമാസ്റ്റിന്റെ തകരാര്‍ പരിഹരിക്കുകയും ബൈപാസ് റോഡിലെ കേടായ തെരുവുവിളക്കുകള്‍ പുനഃസ്ഥാപിക്കുകയും വേണം. കെ എസ് ആര്‍ ടി സി ബസുകള്‍ മാറ്റുന്നതിനു മുന്നോടിയായി സ്റ്റാന്റിലും പരിസരത്തെയും കേടായ തെരുവുവിളക്കുകള്‍ നന്നാക്കുമെന്ന നഗരസഭയുടെ പ്രമേയം ജലരേഖയുമായി. സ്റ്റാന്റിനു മുന്‍വശത്തെ ട്രാക്കുകളില്‍ ഒരൊറ്റ സോഡിയം ലാമ്പു മാത്രമാണ് വര്‍ഷങ്ങളായി കത്തുന്നത്.
കെ എസ് ആര്‍ ടി സിയുടെ ആഗമനത്തോടെ ഏറെതിരക്കു വരുന്ന സ്റ്റേഡിയം സ്റ്റാന്റില്‍ സിഗ്നല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പോലീസുകാരെയും ജനങ്ങളെയും ഏറെ ദുരിതത്തിലാക്കും.
രാപ്പകല്‍ ഭേദമന്യേ വര്‍ണാഭ രാവുകളാവുന്ന സ്‌കൂള്‍ കലോത്സവത്തിനായി ജില്ലയിലെത്തുന്ന അന്യ ജില്ലക്കാര്‍ക്ക് നഗരത്തിലെ അന്ധകാരം നിറഞ്ഞ റോഡുകളും നോക്കുകുത്തികളായ സിഗ്നലുകളും ഏറെ ദുരിതം തീത്തേക്കും.